കുടുംബാംഗങ്ങളുടെയും ആരാധകരുടെയും സംശയങ്ങള്‍ ദുരീകരിക്കണം; കലാഭവന്‍ മണിയുടെ ദുരൂഹമായ മരണം സംബന്ധിച്ച് ഉന്നത തല അന്വേഷണം വേണമെന്ന് കോടിയേരി

KODIചാലക്കുടി: കലാഭവന്‍ മണിയുടെ ദുരൂഹമായ മരണം സംബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ലക്ഷകണക്കിന് ആരാധകരുടെയും സംശയങ്ങള്‍ ദുരീകരിക്കുന്ന വിധത്തിലുള്ള ഉന്നതതല അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കലാഭവന്‍ മണിയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ മണിയുടെ വീട്ടിലെത്തിയ കോടിയേരി ബാലകൃഷ്ണന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍, മണിയുടെ ഭാര്യ നിമ്മി, മകള്‍ ശ്രീലക്ഷ്മി എന്നിവരെ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മണിയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ മണിയുടെ മരണത്തിനു കാരണക്കാരായ ആളുകളെ ഒഴിവാക്കിയിരിക്കുയാണെന്ന് രാമകൃഷ്ണന്‍ കോടിയേരിയോട് പരാതിപ്പെട്ടു. മണി കൂട്ടുകാരുടെ ഒപ്പം കഴിയുമ്പോഴും വീട്ടുകാരുമായി ബന്ധപ്പെടാന്‍ സുഹൃത്തുക്കള്‍ സമ്മതിച്ചിരുന്നില്ലെന്നും ഫോണില്‍ വിളിച്ചാല്‍ പോലും മണിക്ക് ഫോണ്‍ കൊടുക്കാന്‍ സുഹൃത്തുക്കള്‍ തയാറായിരുന്നില്ലെന്നും രാമകൃഷ്ണന്‍ ആരോപിച്ചു.  രോഗബാധിതനായ മണിയുടെ ആരോഗ്യവിവരങ്ങളൊന്നും തങ്ങളെ അറിയിച്ചിരുന്നില്ല.

മണിക്കു അസുഖം മൂര്‍ഛിച്ചശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും തങ്ങളെ അറിയിച്ചില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംമുമ്പ് മണിയെ അബോധാവസ്ഥയിലാക്കിയത് ശരിയായ നടപടി ആയിരുന്നില്ലെന്നും കുടുംബംഗങ്ങളുമായി അടുത്ത് പരിചയമുള്ള ഡോക്ടര്‍ തങ്ങളെ അറിയിക്കാതെയാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തത്. ഡോക്ടര്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയായിരുന്നെന്നും രാമകൃഷ്ണന്‍ ആരോപിച്ചു.

മണിയുടെ എല്ലാകാര്യങ്ങളും അറിയുന്ന മണിയുടെ മാനേജരടക്കം തങ്ങളോട് കാര്യങ്ങള്‍ പറയാതിരുന്നത് എന്തുകൊണ്ടാണെന്നും മരണശേഷം മണി താമസിച്ചിരുന്ന പാഡിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പെട്ടെന്ന് നീക്കം ചെയ്തതിനുപിന്നിലും ദുരൂഹതയുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഫലപ്രദമായ അന്വേഷണം നടത്തുന്നതിന് ഇടപെടല്‍ നടത്താമെന്ന് കോടിയേരി കുടുംബാംഗങ്ങളോട് വാഗ്ദാനം ചെയ്തു.

ബി.ഡി. ദേവസി എംഎല്‍എഷ സിപിഎം ജില്ലാ മുന്‍ സെക്രട്ടറി എം.സി. മൊയ്തീന്‍, യു.പി. ജോസഫ്, അഡ്വ. പി.കെ. ഗിരിജാവല്ലഭവന്‍, നഗരസഭ പാര്‍ലിമെന്ററി പാര്‍ട്ടിലീഡര്‍ പി.എം. ശ്രീധരന്‍, സിപിഎം ഏരിയ സെക്രട്ടറി ടി.എ ജോണി, സിപിഎം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും കോടിയേരി ബാലകൃഷ്ണനോടൊപ്പം മണിയുടെ വീട്ടിലെത്തിയിരുന്നു.

Related posts