കുട്ടനാട് പാക്കേജ്: ഉമ്മന്‍ചാണ്ടി കുട്ടനാട്ടുകാരെ പരിഹസിക്കുകയായിരുന്നുവെന്ന് വി.എസ്.

alp-vsരാമങ്കരി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുട്ടനാട്ടുകാരെ പരിഹസിക്കുകയായിരുന്നുവെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.കുട്ടനാട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ്ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ രാമങ്കരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1840 കോടിയുടെ കുട്ടനാട് പാക്കേജില്‍ വെറും 400 കോടി രൂപ മാത്രമാണ് വിനിയോഗിക്കാന്‍ തയാറായത്.

എസി കനാല്‍ നവീകരണം, തണ്ണീര്‍മുക്കം ബണ്ട് നിര്‍മാണം തുടങ്ങിയ നിരവധി ആവശ്യങ്ങളില്‍ ഒന്നുപോലും നടപ്പിലാക്കാതെ പാക്കേജ് തന്നെ കുഴിച്ചുമൂടുകയായിരുന്നു. ബാര്‍, സോളാര്‍, പാമോയില്‍ എന്നിങ്ങനെ നിരവധി കോഴകളില്‍ മുങ്ങിയ അഴിമതി ഭരണമാണ് ഉമ്മന്‍ചാണ്ടിയുടേത്. നാഥുറാം ഗോഡ്‌സേയുടെ പാര്‍ട്ടിയാണ് പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ ബിജെപി. ബിഡിജെഎസ് സ്ഥാനാര്‍ഥി സുഭാഷ് വാസു നരേന്ദ്രമോദിയുടെ പ്രതിനിധികളില്‍ ഒരാളാണ്. ഇത്തരക്കാര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ടാണോ ആട്ടാണോ കൊടുക്കേണ്ടതെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ എന്നും വി.എസ്. ഓര്‍മിപ്പിച്ചു.

കേരള കോണ്‍ഗ്രസ്-എം അഴിമതിയില്‍ മുങ്ങിപ്പോയ പാര്‍ട്ടിയാണെന്നു മുഖ്യപ്രഭാഷണം നടത്തിയ ഡോ. കെ. സി. ജോസഫ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമായി മാറ്റിവച്ചിരുന്ന 822 ഫയലുകളാണ് ഏറ്റവും അവസാനം രണ്ടുദിവസമായി ചേര്‍ന്ന കാബിനറ്റില്‍ തീരുമാനം എടുത്തത്. അതു മുഴുവന്‍ അഴിമതി നിറഞ്ഞ ഫയലുകളാണ്. കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേരള കോണ്‍ഗ്രസ്-എം പിന്നോക്കം പോയതായും അദ്ദേഹം പറഞ്ഞു.

കെ.എം. മാണിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയല്ലെങ്കില്‍ അതു തെളിയിക്കുന്നതിനു പകരം ഹൈക്കോടതിയില്‍ സ്റ്റേയ്ക്കു പോകുന്നതല്ല ശരിയായ മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ജോയിക്കുട്ടി ജോസ് അധ്യഷത വഹിച്ചു.നിയോജകമണ്ഡലം കണ്‍വീനര്‍ കെ.കെ. അശോകന്‍, തോമസ്ചാണ്ടി എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, പാലാ നിയോജകമണ്ഡലം സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts