ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ പാല്‍വില വര്‍ധിപ്പിക്കുമെന്ന് മില്‍മ ചെയര്‍മാന്‍

ekm-milmaമാനന്തവാടി: ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ പാലിന് വില വര്‍ധിപ്പിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് പറഞ്ഞു. വിലവര്‍ധന എത്രയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഉല്‍പാദകരെ സഹായിക്കുന്നതോടൊപ്പം ഉപഭോക്താക്കളുടെ പ്രയാസം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും ഇതു പരിഗണിച്ച് മാത്രമേ വില വര്‍ധിപ്പിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്കിടയിലുള്ള വിശ്വാസമാണ് മില്‍മയെ വിപണനരംഗത്ത് പിടിച്ചുനിര്‍ത്തുന്നത്.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് പാല്‍ കൊണ്ടുവന്ന് സ്വകാര്യവ്യക്തികള്‍ കേരളത്തില്‍ പാല്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിനാല്‍ വിപണനം മല്‍സരമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിപണിയെ ബാധിക്കാതെ മാത്രമേ വില വര്‍ധിപ്പിക്കാന്‍ കഴിയൂ. മറ്റു പാലുല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണനം ചെയ്താണ് മില്‍മ കടുത്ത മല്‍സരത്തിനിടയിലും പിടിച്ചുനില്‍ക്കുന്നത്. നിരവില്‍പ്പുഴ ക്ഷീരസംഘത്തില്‍ 12 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച പാല്‍ ശീതീകരണകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു അധ്യക്ഷത വഹിച്ചു.

Related posts