2000 രൂപ നോട്ട് തലവേദനയാകുന്നു; സാധരണക്കാരന് ചെറിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പറ്റുന്നില്ല; കടക്കാര്‍ക്ക് ബാലന്‍സ് നല്‍കാനും സാധിക്കുന്നില്ല

rupeesചങ്ങരംകുളം: പുതുതായി പുറത്തിറക്കിയ 2000 രൂപ സാധാരണക്കാരനു തലവേദനയാകുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൈവശമുള്ള 2000 രൂപ കൊണ്ടു ചെറിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങിയാല്‍ ചില്ലറ ലഭിക്കാന്‍ പ്രയാസം നേരിടുകയാണ്. കൂടുതല്‍ പേരില്‍ 2000 രൂപ എത്തിയതോടെ കച്ചവടക്കാരാണ് ഏറെ കഷ്ടത്തിലാകുന്നത്.

500, 1000 രൂപയുടെ നോട്ടില്ലാത്തതാണ് ബുദ്ധിമുട്ടാകുന്നത്. പണമിടപാട് സാധാരണ നിലയിലേക്കു വരുന്നതുവരെ സാധാരണക്കാരനാണ് ഏറെ കഷ്ടത്തിലാവുക. ആളുകള്‍  ഇപ്പോള്‍ നേരം പുലര്‍ന്നാല്‍ നേരെ പോകുന്നത് ബാങ്കിലേക്കാണ്. ഉളള പണിയും കളഞ്ഞ് കൈവശമുള്ള അഞ്ഞൂറും കടം മേടിച്ച ആയിരവും ചേര്‍ത്ത്, പേപ്പര്‍ ശരിയാക്കി ബാങ്കില്‍ എത്തി മണിക്കൂറുകളോളം വരിനിന്നാണ് രണ്ടായിരം രൂപ ലഭിക്കുന്നത്. ഇതു സന്തോഷം പകരുന്നുണ്ടെങ്കിലും പുറത്തിറങ്ങിയാല്‍ പുലിവാലാണെന്നു ആളുകള്‍ പറയുന്നു.

അതേസമയം, ഇപ്പോഴും സാധാരണക്കാരായ ആളുകളില്‍ ഏറെയും പഴയ നോട്ടുകളുമായാണ് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വ്യാപാര സഥാപനങ്ങളില്‍ എത്തുന്നത്. പലരും ഇതു സ്വീകരിക്കുന്നില്ലെങ്കിലും കച്ചവടക്കാര്‍ക്ക് നോട്ടുകള്‍ മാറാന്‍ ബാങ്കിനെ സമീപിക്കേണ്ട അവസ്ഥയാണ്. ബാങ്കിലാകട്ടെ മണിക്കൂറുകളോളം വരി നിന്നാല്‍ നാലായിരം രൂപയാണ് ഒരാള്‍ക്ക് ലഭിക്കുന്നത്. ബാങ്കില്‍ നിന്ന് ലഭിക്കുന്ന രണ്ടായിരത്തിന്റെ നോട്ട് കൊണ്ടു പലരും ബുദ്ധിമുട്ടുകയാണ്.

സാധാരണക്കാര്‍ക്ക് ബാങ്കില്‍ നിന്നു ലഭിക്കുന്ന രണ്ടായിരം രൂപയുമായി മാര്‍ക്കറ്റില്‍ പോയാലും ബാക്കി ലഭിക്കുന്ന പഴയ ആയിരവും അഞ്ഞൂറും തന്നെയാണ്. ഇതു മാറണമെങ്കില്‍ വീണ്ടും മണിക്കൂറുകളോളം ബാങ്കില്‍ വരി നില്‍ക്കണം. ഇതിനിടെ കിട്ടിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ പലരും പുറത്തിറക്കാനും തുടങ്ങിയിട്ടില്ല. സെല്‍ഫിയെടുക്കുന്നതിനും സുഹൃത്തുക്കളെ കാണിക്കുന്നതിനും സൂക്ഷിച്ചു വച്ചിരിക്കുകയാണ്. ദിവസക്കൂലിക്ക് പണിയെടുക്കുന്നവര്‍ക്ക് കിട്ടുന്ന കൂലിയും നിരോധിച്ച നോട്ടുകളാണ്. ഇതു മാറിക്കിട്ടണമെങ്കില്‍ ഒരു ദിവസം അവധിയെടുത്തു ബാങ്കില്‍ പോകേണ്ട സ്ഥിതിയാണ്.

Related posts