ടിജോ കല്ലറയ്ക്കല്‍
കാലടി: ലോക ക്ഷീരദിനത്തില്‍ നൂറു ലിറ്ററോളം പാല് ദിനം പ്രതി ആവശ്യക്കാര്‍ക്കു നല്കികൊണ്ടിരിക്കുന്ന അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം ടി.പി. ജോര്‍ജ് മറ്റു ജനപ്രതിനിധികള്‍ക്കു മാതൃകയാവുന്നു. കൈപ്പട്ടൂര്‍ താനത്താന്‍ ജോര്‍ജ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും പതിനഞ്ച് വര്‍ഷം പഞ്ചായത്ത് മെംമ്പറും ബാംബൂ കോര്പ്പറേഷന് ബോര്‍ഡ് മെമ്പറുമെല്ലാമായിരുന്നപ്പോഴും ക്ഷീരകര്ഷകനായാണ് ജീവിക്കുന്നത്.
രാഷ്ട്രീയം പൊതുജനസേവനമായെടുത്തപ്പോള് കുടുംബത്തിലെ ദൈനംദിന കാര്യങ്ങള്‍ക്കുളള ചിലവുകള്‍ നടത്തുന്നതിനുളള മാര്‍ഗമായിട്ടാണ് മുപ്പത്തിയഞ്ച് വര്‍ഷം വര്‍ഷം മുന്‍പ് പശുഫാം ആരംഭിച്ചത്. ഒരു പശുവില്‍ തുടങ്ങി ഇന്ന് പതിനാറ് പശുക്കള്‍ ജോര്‍ജിന്റെ ഫാമിലുണ്ട്. ഓസ്റ്റിന്‍ പ്രീസ്, ജഴ്സി, സ്വിസ് ബ്രൗണ്‍ എന്നീ ഇനത്തില്‍ പെട്ടവയാണുളളത്. പശുക്കളെ മനുഷ്യര്‍ ജിവീക്കുന്നതുപോലെ തന്നെ അടക്കും ചിട്ടയോടും വൃത്തിയോടും കൂടെ വളര്‍ത്തമെന്ന ആഗ്രഹമാണ് ഫാമില്‍ സംഗീതം കേള്‍ക്കുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തിയത്.
ഭാര്യയും മൂന്നു ജോലിക്കാരും ഫാമിലെ ജോലികള്‍ക്കായി എപ്പോഴും ജോര്‍ജിനു സഹായമായി ഉണ്ടാകും. പുലര്‍ച്ചെ നാലിന് തുടങ്ങുന്നു ദിവസത്തെ ഫാമിലെ ജോലികള്‍. തൊഴുത്ത് വൃത്തിയാക്കി പശുവിനെ കറന്നതിനുശേഷം പാല് ആറരയോടെ വിവിധ വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും ഡയറിയിലും നല്‍കും. പീന്നീട് പശുവിന് തീറ്റയും വെളളവും നല്‍കും. തീറ്റ നല്‍കുന്നതിനുളള പുല്ലും സ്വന്തം സ്ഥലത്താണ് കൃഷി ചെയ്യുന്നത്. പശുക്കളെ ശുചിത്വത്തോടെ പരിപാലനം നടത്തുന്നതുകൊണ്ടും സ്വന്തം ഫാമിലെ പുല്ലും നല്കുന്നതിനാലും രോഗങ്ങള്‍ കുറവും കൂടുതല്‍ പാലും ലഭിക്കുന്നതായി ക്ഷീരകര്‍ഷകനായ ജോര്‍ജ് പറയുന്നു.
പാലിന് ആവശ്യക്കാര്‍ ഏറെയായതിനാല്‍ ആത്മാര്‍ഥമായി ജോലി ചെയ്താല്‍ നല്ലൊരു വരുമാനം നേടാന്‍ സാധിക്കുമെന്നാണ് ഈ ക്ഷീരകര്ഷകന് അഭിപ്രായം. കാലടി പഞ്ചായത്തിലെ മികച്ച ക്ഷീരകര്കനുളള അവാര്‍ഡും അദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ക്ഷീരകര്‍ഷകനെ കൂടാതെ യോഗയില്‍ പ്രാവീണ്യം നേടി യോഗ അഭ്യസിപ്പിക്കുന്ന അധ്യാപകന് കൂടിയാണ് പൊതുപ്രവര്‍ത്തകനായ ടി.പി. ജോര്‍ജ്.