നെടുമങ്ങാട് : കൗണ്‍സിലര്‍മാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നെടുമങ്ങാട് നഗരസഭയിലെ മുഴുവന്‍ ജീവനക്കാരും ബുധനാഴ്ച കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിച്ചു . ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചതോടെ നഗരസഭയില്‍ ഭരണ സ്തംഭനമായി . ജീവനക്കാരെ നിരന്തരം കൗണ്‍സിലര്‍മാര്‍ പൊതുജനമധ്യത്തില്‍ ആക്ഷേപിക്കുകയും നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതായാണ് ജീവനക്കാരുടെ പരാതി .
ചൊവ്വാഴ്ച അവധി അപേക്ഷ നല്‍കിയാണ് ജീവനക്കാര്‍ മടങ്ങിയത്. എന്നാല്‍ ബുധനാഴ്ച ജീവനക്കാരെല്ലാം എത്തിയെങ്കിലും ആരും ജോലിയില്‍ പ്രവേശിച്ചില്ല. പതിനൊന്ന് മണിയോടെ യൂണിയന് നേതാക്കള്‍ ചെയര്മാന് ചെറ്റച്ചല്‍ സഹദേവനുമായി ചര്‍ച്ച നടത്തി ജീവനക്കാരെ ജോലിക്ക് കയറ്റാമെന്ന് സമ്മതിച്ചു . എന്നാല്‍ ജോലിയില്‍ കയറാനുള്ള യൂണിയന് നേതാക്കളുടെ ആവശ്യം മറ്റ് ജീവനക്കാര്‍ അംഗീകിരിച്ചില്ല. സ്ഥിരം സമിതി ചെയര്മാന് ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ സ്റ്റാഫ് മീറ്റിംഗ് വിളിച്ച് ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറായാല്‍ മാത്രമേ ജോലിയില്‍ കയറുകയുള്ളൂവെന്ന് ജീവനക്കാര്‍ പറഞ്ഞു.
ജീവനക്കാരുടെ ആവശ്യ പ്രകാരം വ്യാഴാഴ്ച പത്തിന് ജീവനക്കാരുടെ പ്രതിനിധികളുമായും പതിനൊന്നിന് ജീവനക്കാരുമായും ചര്‍ച്ച നടത്താമെന്ന് ചെയര്മാന് ഉറപ്പു കൊടുത്തു . നഗരസഭ സെക്രട്ടറി മാത്രമാണ് കഴിഞ്ഞ ദിവസം ജോലിയ്ക്ക് കയറിയത് .