ഗുജറാത്ത് ലയണ്‍സിനെതിരെ ഹൈദരാബാദിന് 10 വിക്കറ്റ് വിജയം

sp-gujarathഹൈദരാബാദ്: വാര്‍ണര്‍ ഷോയില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനു തുടര്‍ച്ചയായ രണ്ടാം വിജയം. ടേബിള്‍ ടോപ്പറായ ഗുജറാത്ത് ലയണ്‍സിനെ 10 വിക്കറ്റിനാണ് സണ്‍ റൈസേഴ്‌സ് കെട്ടുകെട്ടിച്ചത്. സ്‌കോര്‍: ഗുജറാത്ത് ലയണ്‍സ്- 20 ഓവറില്‍ എട്ടിന് 135. സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്- 14.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 137.അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടെയും (48 പന്തില്‍ 74) ശിഖര്‍ ധവാന്റെയും(41 പന്തില്‍ 53) മികവിലാണ് ഹൈദരാബാദ് ജയമാഘോഷിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ഗുജറാത്തിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ആരോണ്‍ ഫിഞ്ച് ഭുവനേശ്വറിന്റെ നാലാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. കഴിഞ്ഞ കളികളിലെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഫിഞ്ചിന്റെ മടക്കം സംപൂജ്യനായിയായിരുന്നു. തുടര്‍ന്ന് മക്കല്ലത്തിനു കൂട്ടായിയെത്തിയത് നായകന്‍ സുരേഷ് റെയ്‌ന. ഇരുവരും ഒത്തുചേര്‍ന്നതോടെ സ്‌കോര്‍ കുതിച്ചുയരാന്‍ തുടങ്ങി. പവര്‍പ്ലേ പിന്നിടുമ്പോള്‍ ഗുജറാത്തിന്റെ സ്‌കോര്‍ 50ല്‍ എത്തിയിരുന്നു. എട്ടാം ഓവറിലെ രണ്ടാം പന്തില്‍ മക്കല്ലം പുറത്തായതോടെ ഈ സഖ്യത്തിനു വിരാമമായി. ബിപുല്‍ ശര്‍മയെ സിക്‌സറിനു പറത്താനുള്ള മക്കല്ലത്തിന്റെ ശ്രമം ഡീപ് മിഡ് വിക്കറ്റില്‍ ദീപക് ഹൂഡയുടെ കൈകളിലവസാനിച്ചു. പതിനേഴു പന്തില്‍ 18 റണ്‍സായിരുന്നു മക്കല്ലത്തിന്റെ സമ്പാദ്യം.

ദിനേഷ് കാര്‍ത്തിക്കും വന്നപോലെ മടങ്ങി എട്ടു റണ്‍സെടുത്ത കാര്‍ത്തിക്കിനെ ദീപക് ഹൂഡയുടെ പന്തില്‍ ഡീപ് സ്ക്വയര്‍ ലെഗില്‍ ഭുവനേശ്വര്‍ പിടികൂടി. അടുത്ത ഊഴം ബ്രാവോയ്ക്കായിരുന്നു. കാര്‍ത്തിക്കിനെപ്പോലെ ഭുവനേ ശ്വറിനു ക്യാച്ച് നല്‍കി ബ്രാവോ(8) മടങ്ങി. സരണിനായിരുന്നു വിക്കറ്റ്. പതിനേഴാം ഓവറില്‍ മുസ്താഫിസുര്‍ ജഡേജയുടെ കുറ്റിതെറിപ്പിച്ചപ്പോള്‍ സ്‌കോര്‍ കാര്‍ഡിലുണ്ടായിരുന്നത് 117 റണ്‍സ് മാത്രം. ഭുവനേ ശ്വര്‍ എറിഞ്ഞ 19-ാം ഓവറില്‍ വിക്കറ്റുമഴയായിരുന്നു കണ്ടത്. ഒരറ്റത്തു പിടിച്ചു നിന്ന സുരേഷ് റെയ്‌ന രണ്ടാം പന്തില്‍ പുറത്ത്. 51 പന്തില്‍ 71 റണ്‍സാണ് റെയ്‌ന നേടിയത്. മൂന്നാം പന്തില്‍ അക്ഷ്ദീപ് നാഥും അവസാന പന്തില്‍ സ്റ്റെയ്‌നും വീണതോടെ ഗുജറാത്തിന്റെ സ്‌കോര്‍ 135ല്‍ ഒതുങ്ങി. സണ്‍ റൈസേഴ്‌സിനു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാലു വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍ റൈസേഴ്‌സിനു വേണ്ടി ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും ചേര്‍ന്നു ശ്രദ്ധയോടെ ബാറ്റ് വീശി സണ്‍ റൈസേഴ്‌സിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. ഫോം കണെ്ടത്താന്‍ വിഷമിച്ച ശിഖര്‍ ധവാന്‍, വാര്‍ണര്‍ക്ക് സിംഗിളുകളിലൂടെ സ്‌ട്രൈക്ക് കൈമാറി. 29 പന്തില്‍നിന്ന് 50 റണ്‍സ് പിന്നിട്ട വാര്‍ണര്‍ അപാര ഫോമിലായിരുന്നു. പതിയെ ധവാനും ഫോമിലേക്കുയര്‍ന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്

പോയിന്റ് നില

ടീം, കളി, ജയം, തോല്‍വി, സമനില, പോയിന്റ്

കോല്‍ക്കത്ത 4-3-1-0-6
ഗുജറാത്ത് ലയണ്‍സ് 4-3-1-0-6
ഡല്‍ഹി 3-2-1-0-4
ഹൈദരാബാദ് 4-2-2-0-4
മുംബൈ 5-2-3-0-4
പൂന 3-1-2-0-2
ബാംഗളൂര്‍ 3-1-2-0-2
പഞ്ചാബ് 4-1-3-0-2.

Related posts