ചുവപ്പുനാട നീങ്ങി, പദ്ധതിക്ക് ഗ്രീന്‍ സിഗ്നല്‍ ! കുറുന്തോട്ടയം പാലം പുനര്‍നിര്‍മാണം തുടങ്ങുന്നു

alp-palamപന്തളം: പന്തളം കവലയിലെ ഗതാഗതക്കുരുക്കിനു മൂലകാരണമായ കുറുന്തോട്ടയം പാലത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള തടസങ്ങള്‍ നീങ്ങി. പ്രാരംഭ ജോലികള്‍ക്ക് ഇന്നു തുടക്കമാവും. അപ്രോച്ച് റോഡിന്റെ നിര്‍മാണ ജോലികളാണ് ആദ്യം. പാലത്തിന്റെ ഇരുവശങ്ങളിലുള്ള ഉപയോഗശൂന്യമായ നടപ്പാലങ്ങളും പൊളിച്ചു മാറ്റും. നിര്‍മാണത്തിനുള്ള തടസങ്ങള്‍ പരിശോധിക്കാനായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ഇന്നലെ അടൂരില്‍ യോഗം ചേര്‍ന്നു.

അടൂര്‍ ആര്‍ഡിഓ ആര്‍.രഘു അടക്കമുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോമറുകള്‍ മാറ്റി സ്ഥാപിക്കുന്ന വിഷയത്തിലായിരുന്നു തര്‍ക്കം ശേഷിച്ചിരുന്നത്. ഇവ മാറ്റാതെ തന്നെ നിര്‍മാണം നടത്താന്‍ ഒടുവില്‍ ധാരണയായി. ബിഎസ്എന്‍എല്ലിന്റെ കേബിളുകള്‍ മാറ്റുന്ന ജോലിയും ഇന്നു തുടങ്ങും. ജലവിതരണ പൈപ്പുകള്‍ക്ക് കേടുപാടുണ്ടാവാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ജലസേചന വകുപ്പ് സ്വീകരിക്കും. 14ന് മുമ്പ് പുതിയ പാലത്തിനുള്ള ജോലികള്‍ തുടങ്ങും. അന്നു മുതല്‍ ഗതാഗത സംവിധാനത്തില്‍ കാതലായ മാറ്റവും വരുത്തും. അടൂര്‍ ഭാഗത്ത് നിന്നെത്തുന്ന ചെറിയ വാഹനങ്ങള്‍ക്ക് പന്തളം കവല, കെഎസ്ആര്‍ടിസി, മുട്ടാര്‍, മണികണ്ഠനാല്‍ത്തറ എന്നിവിടങ്ങളിലൂടെ കുളനട റോഡിലെത്താം.

കുളനട ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് തോന്നല്ലൂര്‍, വേദി കവല, കടയ്ക്കാട് വഴി പന്തളത്തേക്കും. സര്‍വീസ് ബസുകള്‍ക്ക് അടക്കം പന്തളം-തുമ്പമണ്‍-കുളനട വഴി ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിക്കും. ഗതാഗതം തിരിച്ചു വിടുന്നതിനുള്ള ക്രമീകരണങ്ങള്‍ പൊതുമരാമത്ത് വകുപ്പും പോലീസും സംയുക്തമായി നടത്തും. 14 വര്‍ഷത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കുറുന്തോട്ടയം പാലം പുനര്‍നിര്‍മാണ പദ്ധതിക്ക് ജീവന്‍ വയ്ക്കുന്നത്. 2002ല്‍ എംസി റോഡ് വികസന പദ്ധതിയില്‍ പാലം പുനര്‍നിര്‍മാണം ഉള്‍പ്പെട്ടിരുന്നെങ്കിലും രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. നിരവധി സമരങ്ങള്‍ക്കും ഇത് കാരണമായെങ്കിലും അധികൃതര്‍ പരിഗണിച്ചിരുന്നില്ല.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ മുന്‍കയ്യെടുത്ത് നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചതും 4.20 കോടി രൂപ അനുവദിച്ചതും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ റ്റി.കെ.സതി, അടൂര്‍ തഹസീല്‍ദാര്‍ ജി.രാജു, പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ എം.ജി.മുരുകേശ്കുമാര്‍ തുടങ്ങിയവര്‍ പാലവും പരിസരവും പരിശോധിച്ചു.

Related posts