ചെറായി: ലൈന്‍ വലിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ ചെറായിയിലെ 110 കെ വി സബ്‌സ്റ്റേഷന്‍ പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇനി ലൈന്‍ വലിക്കുന്ന പണികള്‍ മാത്രം ശേഷിക്കുന്ന പദ്ധതി കോടതിയും കമ്മീഷനുമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ത്രിശങ്കുവിലാണ്.
കഴിഞ്ഞ തവണ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് ചെറായി വൈദ്യുതി സ്റ്റേഷന്‍ അനുവദിച്ചത്. മുനമ്പം മത്സ്യബന്ധന മേഖലയിലെയും ചെറായി, പള്ളിപ്പുറം മേഖലയിലെയും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. അയ്യമ്പിള്ളി മനപ്പിള്ളി റോഡില്‍ സ്ഥലം കണ്ടെത്തി ഏഴരക്കോടി രൂപ ചെലവില്‍ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ച് മറ്റെല്ലാം പൂര്‍ത്തീകരിച്ചു. എന്നാല്‍ സബ് സ്റ്റേഷനിലേക്ക് പറവൂര്‍ വാണിയക്കാട് നിന്നും ഏഴിക്കര വഴി ലൈന്‍ വലിക്കുന്നതിനുള്ള അലൈന്‍മെന്റ് സംബന്ധിച്ച് സ്ഥലവാസികളും കെ എസ് ഇ ബിയും തമ്മിലുള്ള തര്‍ക്കം പദ്ധതിയെ ത്രിശങ്കുവിലാക്കിയത്.
ഇതിനിടെ ലൈന്‍ വലിക്കുന്നത് സംബന്ധിച്ച് നിലനിര്‍ക്കുന്ന തര്‍ക്കത്തില്‍ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാനുള്ള ഹൈക്കോടതിയുടെ നിര്‍ദ്ദേശം പദ്ധതിക്ക് പുതുജീവനേകിയിട്ടുണ്ടെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. പദ്ധതി അനിശ്ചിതമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ കെഎസ് ഇബി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ലൈന്‍ വലിക്കുന്ന അലൈന്‍മെന്റിനെതിരെ നേരത്തെ സ്ഥലവാസികള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ കോടതി എറണാകുളും എഡിഎമ്മിനെ ചുമതലപ്പെടുത്തിയിരുന്നു.
എഡിഎം റിപ്പോര്‍ട്ടിനായി ഒരു കമ്മീഷനെ വച്ചു. എന്നാല്‍ രണ്ടര വര്‍ഷമായിട്ടും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ വന്നപ്പോഴാണ് കെഎസ്ഇബി ഹൈക്കോടതിയെ സമീപിച്ചത്. അലൈന്‍മെന്റ് തര്‍ക്കം അധികം വിദൂരത്തിലല്ലാതെ പരിഹരിക്കപ്പെട്ടാല്‍ ഈ വര്‍ഷം തന്നെ പദ്ധതി കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. പദ്ധതി അനിശ്ചിതത്തിലായതോടെ ഇപ്പോഴത്തെ നിര്‍മ്മാണചെലവ് ഏതാണ്ട് 15 കോടി രൂപവരുമെന്നാണ് കണക്കു കൂട്ടല്‍.