കൊല്ലം :ഇളമ്പള്ളൂര്‍, കെ എസ് പുരം, ക്ലാപ്പന ഗ്രാമപഞ്ചായത്തുകളെ ജില്ലയിലെ ആദ്യ ഒ ഡി എഫ് പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഇളമ്പള്ളൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ചു. വെളിസ്ഥലത്ത് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള ഒ ഡി എഫ് പദ്ധതി ജില്ലയില്‍ സജീവമായി മുന്നേറുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.സമഗ്രശുചിത്വത്തിലേക്കുള്ള മുന്നോടിയാണ് ഒ ഡി എഫ് പദ്ധതി. പ്ലാസ്റ്റിക് നിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള വിപുലമായ പദ്ധതിയിലൂടെ നാടും നഗരവും സമ്പൂര്‍ണ ശുചിത്വമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ചടങ്ങില്‍ പറഞ്ഞു. പരീക്ഷണാര്‍ഥം ചിറ്റുമല ബ്ലോക്കില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
ജില്ലയിലെ എല്ലാ ബ്ലോക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇളമ്പള്ളൂര്‍ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ പള്ളിമണ്‍ ആറിലെ ജലം ഉപയോഗപ്പെടുത്തിയുള്ള പദ്ധതിക്ക് രൂപം നല്‍കും. വാട്ടര്‍ അതോറിറ്റി അധികൃതരോട് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്റ്റിമേറ്റ് തയ്യാറായാല്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജലജാഗോപന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷേര്‍ലി സത്യദേവന്, സി പി പ്രദീപ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ്, വൈസ് പ്രസിഡന്റ് ജയകുമാരി, അംഗം വരദരാജന്‍പിള്ള, രമണി, സിന്ധുഗോപന്‍, ഗിരീഷ് കുമാര്‍, ഷൈലമധു, റജീല ലത്തീഫ്, എ ലാസര്‍, എന്‍ തങ്കപ്പന് ആചാരി, ബി ജയപ്രകാശ്, പി ഒ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.