വൈപ്പിന്‍: പെരുമ്പാവൂരിലെ ജിഷ വധത്തിന്റെ പാശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ്ണ സുരക്ഷ ആവശ്യപ്പെട്ട് ഞാറയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വനിതകള്‍ ഞാറക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ റാലി നടത്തി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുക, നിയമം നടപ്പാക്കുന്നതിനൊപ്പം ശിക്ഷയും നടപ്പാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ റാലിയില്‍ ജിഷയുടെ ഘാതകരെ കണ്ടെത്തി വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു.
പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള വീഴ്ച ബോധപൂര്‍വ്വമാണെന്നും വനിതകള്‍ ആരോപിച്ചു. കുടുംബശ്രീ സിഡിഎസ് ചെയര്‍പെഴ്സണ്‍ കല അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള റാലിയില്‍ ജെന്റര്‍ റിസോഴ്സ് പേഴ്സണ്‍ സ്മിത ബാബു, വൈസ് ചെയര്‍പെഴ്സണ്‍ ഷീബ രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിച്ച് നടപടിയെടുക്കുകയും കുറ്റക്കാരെ കണ്ടത്തി കര്‍ശനമായ നിയമങ്ങള്‍ ഉള്‍പ്പെടുത്തി കേസെടുക്കണമെന്ന് കേരള പ്രതികരണസമതി ചെയര്മാന് എന്‍ ജി ശിവദാസ്, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയര്മാന് പോള്‍ ജെ മാമ്പിള്ളി, എന്നിവര്‍ ആവശ്യപ്പെട്ടു.
ജിഷയുടെ ആത്മശാന്തിക്കായി ഞാറക്കലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല തെളിയിച്ച് പ്രാര്‍ഥന നടത്തി . കേസ് ക്രൈബ്രാഞ്ച് ഏറ്റെടുക്കണമെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷനല്‍കണമെന്നും കേരള പുലയര്‍ മഹാസഭ എടവനക്കാട് ശാഖ കമ്മിറ്റിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ജോഷി തിട്ടയില്‍ അദ്ധ്യക്ഷത വഹിച്ചു.