കൊല്ലം: ജോനകപ്പുറം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ മുഖ്യപ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ പ്രതികളായ രണ്ടുപേരെ കൂടി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. കൊല്ലം ബീച്ചില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വീഡിയോ ദൃശ്യവുമായി ബന്ധപ്പെടുത്തി നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ട് ഇവരെ പിന്നീട് പോലീസ് വിട്ടയച്ചു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രണ്ടുപേരെ പിടികൂടിയിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു. ആദ്യം അറസ്റ്റിലായ പതിനേഴ് പേര്‍ റിമാന്‍ഡില്‍ ്കഴിയുകയാണ്. സംഘര്‍ഷം നടന്ന പ്രദേശം ഇന്നലെയും സമാധാനത്തിലായിരുന്നു.
സ്ഥിതിഗതികള്‍ സാധാരണഗതിയിലേക്ക് വന്നെങ്കിലും വീണ്ടും സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മൂന്നു ദിവസം കൂടി നിരോധനാജ്ഞ നീട്ടിയതായി കൊല്ലം എസിപി പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുവരെയായിരുന്നു നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടങ്ങളില്‍ നിന്നിരുന്ന പ്രദേശവാസികളായ ചിലര്‍ സായുധ പോലീസിനെ കണ്ട് ഓടിയതായി പറയപ്പെടുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് വീടുകളില്‍ എത്തുമ്പോള്‍ ആളുകള്‍ ഭയന്നോടുകയാണ്. ഇതേതുടര്‍ന്ന് സ്ത്രീകള്‍ കൊച്ചുപിലാംമൂട്ടിലെ ഔദ്യോഗിക വസതിയിലെത്തി ജില്ലാകളക്ടറോട് വീടുകളില്‍് പോലീസ് നടത്തുന്ന പരിശോധന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പ്രദേശവാസികള്‍ പോലീസുമായി സഹകരിക്കണമെന്നും നിരപരാധികളെ പിടികൂടില്ലായെന്നും കളക്ടര്‍ അറിയിച്ചതോടെയാണ് ഇവര്‍ പിരിഞ്ഞുപോയത്.