കണ്ണൂര്‍: അഞ്ജു ബോബി ജോര്‍ജിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ് ആണെന്ന് താന്‍ പറഞ്ഞുവെന്ന മാധ്യമവാര്‍ത്തകള്‍ തള്ളി കെ.സുധാകരന് രംഗത്ത്. തന്റെ വാര്‍ത്ത ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് സുധാകരന്റെ വിശദീകരണം. താന്‍ പറഞ്ഞത് അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ് ആണെന്നല്ല. തനിക്ക് അഞ്ജുവിനെയും ഭര്‍ത്താവിനെയും ജിമ്മി ജോര്‍ജിനെയും ഒക്കെ അറിയാമെന്നാണ് താന്‍ പറഞ്ഞത്. സംസാരത്തിനിടയില്‍ ഒരു ഫുള്‍സ്റ്റോപ്പ് ഇട്ടില്ല എന്ന് വേണമെങ്കില്‍ പറയാം. അല്ലാതെ ഈ കുടുംബത്തെ തനിക്ക് അറിയില്ല എന്ന് മാത്രം പറയരുത്. മാധ്യമങ്ങള്‍ അഞ്ജുവിനോട് ഭര്‍ത്താവ് ബോബിയോടൊ താനുമായുള്ള ബന്ധം ചോദിക്കൂ എന്നും കെ.സുധാകരന് പറഞ്ഞു.
വ്യാഴാഴ്ച കണ്ണൂരില്‍ സുധാകരന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജിനെ അറിയാം എന്ന് പറഞ്ഞുവെന്ന വാര്‍ത്തകള്‍ വന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നതോടെയാണ് സുധാകരന് വിശദീകരണവുമായി രംഗത്തുവന്നത്.