തളിപ്പറമ്പ്: ഇതരസംസ്ഥാന ലോറികളുടെ താവളമായി മാറിയ കാക്കത്തോട് ബസ്സ്റ്റാന്‍ഡ് മാലിന്യമയമായി മാറി. പുതിയ നഗരഭരണാധികാരികള്‍ മലയോര ബസ്സ്റ്റാന്‍ഡായി മാറ്റുമെന്ന് ഉറപ്പുനല്‍കിയ തളിപ്പറമ്പ് കാക്കത്തോട് ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും ഇതരസംസ്ഥാന ലോറികളുടെ താവളമായി മാറിയിട്ടും ബന്ധപ്പെട്ടവര്‍ തികഞ്ഞ അവഗണനയാണ് കാട്ടുന്നത്. കുറച്ചുകാലം മുമ്പ് ബസുകള്‍ പാര്‍ക്ക് ചെയ്യാനാണ് ഈ സ്ഥലം ഉപയോഗപ്പെടുത്തിയതെങ്കില്‍ ഇപ്പോള്‍ ലോറികളുടെ താവളമാണ്.
ഇതരസംസ്ഥാന ലോറികള്‍ ഇവിടെ പാര്‍ക്ക് ചെയ്ത് മാലിന്യങ്ങള്‍ തള്ളുന്നതും വ്യാപകമാണ്. നഗരസഭാ ശുചീകരണ തൊഴിലാൡള് ഈ പരിസരത്തേക്ക് തിരിഞ്ഞുപോലും നോക്കാത്തതിനാല്‍ പരിസരത്ത് അതിരൂക്ഷമായ ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. 2005 ല്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോ അനുവദിക്കാന്‍ നീക്കം നടന്ന കാക്കത്തോട് ബസ്സ്റ്റാന്‍ഡ് വര്‍ഷങ്ങളായി അനാഥാവസ്ഥയിലാണ്.
നഗരം തിരക്കുകള്‍ കൊണ്ട് വീര്‍പ്പുമുട്ടുമ്പോള്‍ നഗരത്തിരക്കുകളില്‍ നിന്ന് മാറി വിശാലമായ സൗകര്യമുള്ള ഈ സ്ഥലം ഗുണപരമായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. താലൂക്ക് ആസ്ഥാനമായ തളിപ്പരമ്പില് കെഎസ്ആര്‍ടിസിയുടെ സബ് ഡിപ്പോ കാക്കാത്തോട് ബസ്സ്റ്റാന്‍ഡ് ഉപയോഗപ്പെടുത്തി ആരംഭിക്കണമെന്ന വാദം വീണ്ടും ശക്തമായിരിക്കയാണ്.