പാലക്കാട്: യുവതി തിരുവനന്തപുരത്തു മുഖ്യമന്ത്രിക്കു പരാതി നല്കിയതിനുപിന്നാലെ രാഹുല് മാങ്കൂട്ടത്തില് എംഎൽഎ മുങ്ങി. യുവതി പരാതിനല്കുന്ന സമയത്തു കണ്ണാടിയില് തെരഞ്ഞെടുപ്പു പ്രചാരണത്തിലായിരുന്നു രാഹുൽ. എന്നാല്, പരാതി നല്കിയതറിഞ്ഞതിനു പിന്നാലെ രാഹുല് അപ്രത്യക്ഷനാവുകയായിരുന്നു.
രാഹുല് മാങ്കൂട്ടത്തിലുമായും അദ്ദേഹത്തിന്റെ പേഴ്സണല് അസിസ്റ്റന്റുമായും മാധ്യമപ്രവർത്തകർ ഫോണില് ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. എംഎല്എ ഓഫീസും അടച്ച നിലയിലാണ്.
പിന്നീട് ഫേസ്ബുക്കില് രാഹുൽ പ്രതികരിച്ചു. കുറ്റം ചെയ്തിട്ടില്ലെന്നുള്ള ബോധ്യമുള്ളടത്തോളം കാലം നിയമപരമായിത്തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം, രാഹുല് മുന്കൂര്ജാമ്യത്തിനു ശ്രമിക്കുന്നതായും അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതായുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
രാഹുല് മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്കു മാർച്ച് നടത്തി ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ. ഇന്നലെ രാത്രിയാണു മാർച്ച് സംഘടിപ്പിച്ചത്.ഓഫീസ് പരിസരത്തു വന് പോലീസ് സുരക്ഷയുണ്ടായിരുന്നെങ്കിലും അതെല്ലാം മറികടന്ന് പ്രവര്ത്തകര് എത്തുകയായിരുന്നു.
എംഎല്എ ഓഫീസിനു മുന്പിൽ റീത്തുവച്ച് മുദ്രാവാക്യം വിളിച്ചാണ് പ്രവര്ത്തകര് പ്രതിഷേധിച്ചത്. പ്രതിഷേധം കനത്തതോടെ എംഎല്എ ഓഫീസിന്റെ വാതില് തകര്ക്കാന് ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

