തിരുവല്ല: ഹാട്രിക് വിജയവുമായി നിയമസഭയിലേക്കു പോകുന്ന മാത്യു ടി.തോമസ് ഭരണപക്ഷ നേതൃനിരയില്‍ എത്തന്നതു ഗുണകരമാകുന്ന പ്രതീക്ഷയില്‍ തിരുവല്ലക്കാര്‍. 2006നുശേഷം തിരുവല്ലയില്‍ വിജയിക്കാന്‍ പാടുപെടുന്ന യുഡിഎഫ് ഇത്തവണ പിന്നിലായത് 8262 വോട്ടുകള്‍ക്കാണ്. രാഷ്ട്രീയമായി യുഡിഎഫിനു മുന്‍തൂക്കം അവകാശപ്പെടാവുന്ന മണ്ഡലത്തില്‍ തുടര്‍ച്ചയായി മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരാജയമുണ്ടാകുന്നത് രാഷ്ട്രീയചര്‍ച്ചകള്‍ക്കു വിഷയമാകുകയാണ്. ഇതിനിടയില്‍ ലോക്സഭ, തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയിക്കുകയും ചെയ്യുമ്പോള്‍ കാലുവാരല്‍ രാഷ്ട്രീയത്തിനു തിരുവല്ലയില്‍ വേരോട്ടം ശക്തമാണെന്ന് തെളിയിക്കപ്പെടുന്നു. ഇതോടൊപ്പം ബിഡിജെഎസ് സ്ഥാനാര്‍ഥി നേടിയ വോട്ടുകളും യുഡിഎഫിനു തിരിച്ചടിയായി.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ശ്രദ്ധിക്കപ്പെട്ട തിരുവല്ല മണ്ഡലത്തില്‍ ജോസഫ് എം.പുതുശേരിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ യുഡിഎഫില്‍ ഐക്യം സാധ്യമാകുകയും മണ്ഡലം തിരികെപിടിക്കുകയും ചെയ്യാമെന്ന ്കരുതിയിരുന്നു. 1987ലെ കന്നി അങ്കത്തില്‍ നിയമസഭയിലെ ബേബിയായിരുന്ന മാത്യു ടി.തോമസ് ഇന്ന് എല്‍ഡിഎഫ് നേതൃനിരയിലുള്ളതിനാല്‍ മണ്ഡലം വീണ്ടുമൊരു മന്ത്രി പ്രതീക്ഷയിലുമാണ്. മണ്ഡലത്തില്‍ ഹാട്രിക് വിജയം നേടുന്ന മൂന്നാമത്തെ എംഎല്‍എയാണ് മാത്യു ടി. തോമസ്. രണ്ടാം തവണ മാമ്മന്‍ മത്തായിയോടു പരാജയപ്പെട്ട മാത്യു ടി.തോമസ് 2006 മുതല്‍ തുടര്‍ച്ചയായ വിജയം നേടുകയാണ്. നാലു തവണ വിജയിച്ച കേരള കോണ്‍ഗ്രസിലെ ഇ. ജോണ്‍ ജേക്കബും മാമ്മന്‍ മത്തായിയുമാണ് ഇതിന് മുമ്പ് മണ്ഡലം പിടിച്ചത.
2011ല്‍ തിരുവല്ലയില്‍ മാത്യു ടി.തോമസിന് 63289 വോട്ടും 10,767 വോട്ട് ഭൂരിപക്ഷവുമാണുണ്ടായിരുന്നത്. ഇത്തവണ എല്‍ഡിഎഫിന് 59,660 വോട്ടാണ് ലഭിച്ചത്. യുഡിഎഫ് വോട്ട് 52,522 ല്‍ നിന്ന് 51,398 ആയി കുറഞ്ഞു. ബിഡിജെഎസ് നേടിയ വോട്ടുകളാണ് മുന്നണി വോട്ടുകള്‍ മാറ്റിമറിച്ചത്. ബിഡിജെഎസിലെ അക്കീരമണ്‍ കാളിദാസഭട്ടതിരി നേടിയത് 31,439 വോട്ടുകളാണ്. 2011ല്‍ ബിജെപി വോട്ട് 7656 വോട്ടുകളും 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ 19,526 വോട്ടുമാണ് ബിജെപിക്കുണ്ടായിരുന്നത്. ന്യൂനപക്ഷ സ്വാധീന മേഖലകളിലടക്കം മുപ്പതോളം ബൂത്തുകളില്‍ എന്‍ഡിഎ ഒന്നാം സ്ഥാനത്ത് വന്നു. മറ്റിടങ്ങളില്‍ നേരിയ വിത്യാസത്തില്‍ രണ്ടാംസ്ഥാനത്ത് വന്നെങ്കിലും ജയപരാജയങ്ങളില്‍ നിര്‍ണായക സ്വാധീനമായി.6.05 ശതമാനത്തില്‍ നിന്ന് 22 ശതമാനത്തിലേക്ക് കുതിച്ചുയരാന്‍ പാര്‍ട്ടിക്ക് എന്‍ഡിഎയ്ക്കു കഴിഞ്ഞു.
യുഡിഎഫില്‍ 2006, 2011 വര്‍ഷങ്ങളിലുണ്ടായ പ്രശ്നങ്ങള്‍ ഇത്തവണയും ഉണ്ടായിരുന്നുവെന്നാണ് ഫലം നല്കുന്ന സൂചന. വിക്ടര്‍ ടി.തോമസ് രണ്ടുതവണ മത്സരിച്ചപ്പോഴും കേരള കോണ്‍ഗ്രസില്‍ നിന്നുതന്നെ എതിര്‍പ്പുകളുണ്ടായി. 2006ല്‍ സാം ഈപ്പന് വിമതനായി മത്സരിച്ചു. 2011ല്‍ ജോസഫ് എം.പുതുശേരിക്കു സീറ്റു നിഷേധിച്ചതിനേ തുടര്‍ന്ന് ഒരു വിഭാഗം എതിരായി. ഇത്തവണ പുതുശേരിക്കു സീറ്റ് നല്കിയപ്പോള് വിക്ടര്‍ ടി.തോമസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നിശബ്ദമായിരുന്നു. കോണ്‍ഗ്രസിലെ ഒരുവിഭാഗവും ഇവരോടൊപ്പമുണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനും ആദ്യം പുതുശേരിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. പിന്നീടദ്ദേഹവുമായുള്ള പ്രശ്നങ്ങള്‍ കെ.എം. മാണിയുമായുള്ള ചര്‍ച്ചയില്‍ പരിഹരിക്കപ്പെട്ടതായി പ്രസ്താവന വന്നു. പഴയ കല്ലൂപ്പാറ മണ്ഡലത്തില്‍ വിജയിച്ചിട്ടുള്ള പുതുശേരി ആ ഭാഗങ്ങളില്‍ ഇത്തവണയും ലീഡ് നേടിയെങ്കിലും തിരുവല്ല ഭാഗത്താണ് പരാജയമുണ്ടായത്. ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളിലാണ് ലീഡ് ലഭിച്ചത്.തിരുവല്ല നഗരസഭ, കവിയൂര്‍, പെരിങ്ങര, നെടുമ്പ്രം, കുറ്റൂര്‍, കടപ്ര, നിരണം, കുന്നന്താനം ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് ലീഡ്. തിരുവല്ല നഗരസഭയില്‍ യുഡിഎഫിന് 10,376 വോട്ടും എല്‍ഡിഎഫിന് 12,152 വോട്ടും ബിഡിജെഎസിന് 7019 വോട്ടുകളുമാണ് ലഭിച്ചത്.