കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ഐഎന്‍ടിയുസി ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനുപുറമെ ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ മണ്ഡലങ്ങളിലായിരിക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണു കരുതുന്നത്.
ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനു പിന്തുണ പ്രഖ്യാപിച്ചാണു തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഐഎന്‍ടിയുസിക്കു പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണു തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്നു നിലപാട് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി സ്വീകരിച്ചത്. 19 തൊഴില്‍ മേഖലയിലെ മുക്കാല്‍ ലക്ഷത്തോളം വരുന്ന തൊഴിലാളികളെ പ്രതിനിധികരിക്കുന്ന 748 അംഗങ്ങള്‍ പങ്കെടുത്ത ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണു നിര്‍ണായക തീരുമാനമുണ്ടായത്.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ച യോഗം ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയംഗം വി.ജെ. ജോസഫ്, സംസ്ഥാന നേതാക്കന്മാരായ മാത്യു കുളങ്ങര സാബു പുതുപ്പറമ്പില്‍, മലയാലപ്പുഴ ജ്യോതിഷ്കുമാര്‍, ഡിസിസി ഭാരവാഹികളായ നന്തിയോട് ബഷീര്‍, ടി.എസ്. രാജന്, പി.വി. പ്രസാദ്, എം.എന്‍. ദിവാകരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.