മുക്കം: കഴിഞ്ഞ മേയ് 17ന് ഇറക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പ്രകാരം തോട്ടം തൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിച്ച തിരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് മുക്കത്ത് നടന്ന താലൂക്ക് എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ജനറല്‍ ബോഡി യോഗം പ്രഖ്യാപിച്ചു. നിലവില്‍ 300 മരങ്ങളാണ് ഓരോ തൊഴിലാളിയും ടാപ്പിംഗ് ചെയ്യുന്നത്. ഓര്‍ഡിനന്‍സ് പ്രകാരം ഇത് 400 മരങ്ങളായി ഉയര്‍ത്തിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഇറക്കിയ വിവാദ ഉത്തരവ് അംഗീകരിപ്പിക്കാനുള്ള ധാര്‍ഷ്ട്യത്തില്‍നിന്ന് മാനേജ്മെന്റുകള്‍ പിന്മാറണം. പ്രശ്നത്തിന് മാന്യമായ പരിഹാരമുണ്ടാകാത്ത പക്ഷം പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ഫെഡറേഷന് സംസ്ഥാന കമ്മറ്റിയംഗം ടി. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. മാന്ത്ര വിനോദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോളി ജോസഫ്, എം.വി. രാമകൃഷ്ണന്, റഫീഖ്, ഇ.പി. അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.