അങ്കമാലി: സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. അതിനിടെ ചിക്കുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് ലിന്‍സനെയും അയല്‍വാസിയായ പാകിസ്ഥാന്‍ സ്വദേശിയേയും പൊലീസിന്റെ ചോദ്യം ചെയ്യല്‍ നടപടിയും പൂര്‍ത്തിയായി. ഇന്നോ, നാളെയോ ഇരുവരെയും കസ്റ്റഡിയില്‍ നിന്നു വിട്ടയക്കും.
ചിക്കു കൊലചെയ്യപെട്ടതിനു വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടന്നാണ് ഭര്‍ത്താവിനെയും അയല്‍വാസിയേയും ചോദ്യം ചെയ്യുന്നത്. ഇത് പോലീസിന്റെ സ്വാഭാവിക അന്വേഷണ നടപടിയുടെ ഭാഗമാണെന്നാണറിയുന്നത്. ചിക്കുവിന്റെ മരണത്തില്‍ ചിക്കുവിന്റെ ബന്ധുക്കള്‍ക്കോ, നില്‍സന്റെ ബന്ധുക്കള്‍ക്കോ നില്‍സനുമായി ബന്ധപ്പെട്ട് യാതൊരു സംശയങ്ങളുമില്ല.
ഇന്ത്യയില്‍ മൃതദേഹം സംസ്ക്കരിച്ചതിനു ശേഷമാണ് അന്വേഷണത്തിന്റെ ഭാഗമായി സംശയമുള്ളവരെയും അന്വേഷണ പുരോഗതികള്‍ക്കുമായി കസ്റ്റഡിയിലെടുക്കുന്നതെങ്കില്‍ അറബി നാടുകളില്‍ സംസ്ക്കരിക്കുന്നതിന് മുമ്പായിരിക്കും അന്വേഷണപുരോഗതിക്കായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുക. അത്തരത്തിലുള്ള നടപടികളാണ് പൂര്‍ത്തിയാക്കി വരുന്നതെന്നാണ് നാട്ടില്‍ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.
ചിക്കുവിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യക്തമായ യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ആശുപത്രി മാനേജ്‌മെന്‍റും അറിയിച്ചിട്ടുണ്ട്. അന്വേഷണം നടത്തുന്ന മസ്ക്കറ്റിലെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം തെളിവുകള്‍ കണ്ടെത്താന്‍ നടപടി ഊര്‍ജിതമാക്കിയതായും അറിയുന്നു. ഏതായാലും ചിക്കുവിന്റെ മരണത്തില്‍ കവര്‍ച്ച ശ്രമം മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ കാണുന്നത്. ചിക്കുവും, ലിന്‍സനും ജോലി ചെയ്യുന്ന ബദ്ര്‍ ആശുപത്രിയിലെ ഡയറക്ടര്‍മാരും മരണവിവരമറിഞ്ഞ് ഇന്നലെ സലാലയിലെത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം അന്വേഷണത്തില്‍ കാര്യമായ പുരേഗാതിയുണ്ടാകുമെന്നാണ് പോലീസ് അവിടെനിന്ന് നല്‍കുന്ന സൂചന.