കൊല്ലം: പ്രസവത്തെ തുടര്‍ന്ന് നഗരത്തിലെ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കുഞ്ഞിന്റെ സംസ്കരിച്ച മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആശ്രാമം സ്വദേശിയായ യുവതിയുടെ കുഞ്ഞ് കഴിഞ്ഞ മാസം ഏഴിനാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ യുവതിയുടെ ഗര്‍ഭപാത്രവും ശസ്ത്രക്രിയയിലൂടെ നീക്കുകയുണ്ടായി.
ഇതുസംബന്ധിച്ച് യുവതിയുടെ ഭര്‍ത്താവ് അടക്കമുള്ള ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പരാതിപ്പെട്ടെങ്കിലും അവര്‍ അത് മുഖവിലയ്ക്കെടുത്തില്ല. മാത്രമല്ല കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പോലും നടത്താന്‍ അനുവദിക്കാതെ സംസ്കരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
പോളയത്തോട് ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സാ പിഴവും മൂലമാണ് കുഞ്ഞ് മരിച്ചതും യുവതിയുടെ ഗര്‍ഭപാത്രം നീക്കേണ്ടി വന്നതെന്നും ചൂണ്ടിക്കാട്ടി ഭര്‍ത്താവ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്കി. ഗൗരവമുള്ള പരാതിയായതിനാല് കൊല്ലം എസിപി ജോസഫ് കുര്യന് നേരിട്ട് അന്വേഷണം ഏറ്റെടുത്തു. ഇതേതുടര്‍ന്നാണ് ഇന്നലെ പോളയത്തോട് ശ്മശാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് പോലീസ് സര്‍ജനെത്തി ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
കഴിഞ്ഞ മാസം ആറിനാണ് യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഇവിടുന്ന് നല്കിയ ചില ഗുളികകള്‍ കഴിച്ചതാണ് കുഞ്ഞ് മരിക്കാന്‍ കാരണമായതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ സംശയം. മാത്രമല്ല കൃത്യസമയത്ത് ഡോക്ടറുടെ സേവനം ലഭിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.