മാരാരിക്കുളം: നവമാധ്യമങ്ങള്‍ വഴി വിപണിയൊരുക്കി കഞ്ഞിക്കുഴിയില്‍ മത്സ്യക്കൃഷി വിളവെടുപ്പ്്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന യുവകര്‍ഷക അവാര്‍ഡ് ജേതാവ് ചാരമംഗലം സ്വാമി നികര്‍ത്തില്‍ സുജിത്തിന്റെ മത്സ്യക്കൃഷി വിളവെടുപ്പിലായിരുന്നു നവമാധ്യമങ്ങളുടെ ഇടപെടല്‍. സുജിത്ത് ഏഴു കുളങ്ങളിലാണ് മത്സ്യം വളര്‍ത്തിയിരുന്നത്. ഈസ്റ്ററിനു തലേന്നാള്‍ ആറുകുളങ്ങളിലെയും ഈസ്റ്റര്‍ദിനത്തില്‍ ശേഷിക്കുന്ന ഒരു കുളത്തിലേയും മീനുകളെ പിടിച്ചു. വരാല്, കാരി, തിലോപ്പി, കടഌ ചെമ്പല്ലി, റെഡിബെല്ലി, രോഹു, വാള തുടങ്ങിയ മത്സങ്ങളാണ് വിളവെടുപ്പില്‍ ലഭിച്ചത്. സുജിത്തും സഹോദരന് അജിത്തും അഞ്ചുസുഹൃത്തുക്കളും ചേര്‍ന്നായിരുന്നു വിളവെടുപ്പ് നടത്തിയത്. ആദ്യം മോട്ടോര്‍ ഉപയോഗിച്ച് കുളത്തിലെ വെള്ളം വറ്റിച്ചശേഷമായിരുന്നു മീന്‍പിടുത്തം.
മീന്‍പിടിക്കുന്നതിന്റെ ചിത്രങ്ങളും, വീഡിയോ ദൃശ്യങ്ങളും ഫേസ്ബുക്കിലും, വാട്സ് അപ്പിലും അപ്്ലോഡു ചെയ്തു നിമിഷങ്ങള്‍ക്കകം വൈറലുമായി. ലക്ഷത്തിലധികം അംഗങ്ങളുള്ള നമ്മുടെ അടുക്കളത്തോട്ടം, കൃഷി ഭൂമി, കൃഷി, കര്‍ഷക ഭൂമി തുടങ്ങിയ ഗ്രൂപ്പുകള്‍ ലൈക്കുകളും, കമന്റുകളും നല്കി സുജിത്തിനു പ്രോത്സാഹനമേകി. ഇതോടെ ഓണ്‍ലൈനില്‍ കൂടി തന്നെ വാങ്ങാനും ആളെത്തി. കൂടുതല്‍ മത്സ്യങ്ങളെ നിക്ഷേപിച്ചിട്ടുള്ള വീട്ടുമുറ്റത്തെ കുളത്തില്‍ ഇന്നലെ രാവിലെ ഏഴിനായിരുന്നു മീന്‍പിടുത്തം. ഇന്നലെ മാത്രമായി 32,000 രൂപയോളം മത്സ്യവില്പനയില് നിന്നും ലഭിച്ചു.
ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലെ മാനേജര്‍ ഫാ. സോളമന് ചാരങ്കാട്ട് വിളവെടുപ്പ് ഉത്ഘാടനം ചെയ്തു. വിളവെടുപ്പില്‍ നിന്നും ലഭിച്ച മത്സ്യത്തിന്റെ ആദ്യവില്പനയും സുജിത്തില്‍ നിന്നും റെഡ്ബെല്ലി മത്സ്യം ഏറ്റുവാങ്ങി അദ്ദേഹം നിര്‍വഹിച്ചു. ചടങ്ങില്‍ സുജിത്തിന്റെ സഹോദരന് അജിത്ത്, വാര്‍ഡ് മെമ്പര്‍ എം.ജി. ഷാബു എന്നിവരും പങ്കെടുത്തു.
മത്സ്യ സമൃദ്ധിപദ്ധതി പ്രകാരമാണ് സുജിത്ത് സഹോദരന് അജിത്തുമായി ചേര്‍ന്ന് മീന്‍ വളര്‍ത്തല്‍ തുടങ്ങിയത്. കഞ്ഞിക്കുഴി, ചേര്‍ത്തല തെക്ക് കൃഷി ഭവനുകളും സഹായിച്ചതായി സുജിത്ത് ദീപികയോടു പറഞ്ഞു. വരാല്-400, കാരി-300, തിലോപ്പി-160, കടഌ-150, ചെമ്പല്ലി-200, റെഡിബെല്ലി-130, വാള-120 എന്നിങ്ങനെയായായിരുന്നു മത്സ്യങ്ങളുടെ വില. ഓണ്‍ലൈനിലൂടെ അറിഞ്ഞായിരുന്നു ഏറിയപങ്കും പേരും മത്സ്യം വാങ്ങാനെത്തിയത്. ശേഷിച്ചവ ദേശീയപാതയോരത്തെത്തിച്ചും വിറ്റഴിച്ചു.