നാളെ തിരുവോണം; മലയാളികള്‍ ഉത്രാടപ്പാച്ചിലില്‍

tcr-onamകോട്ടയം: ഇന്ന് ഉത്രാടം. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളുടെ ദിനമാണ് ഉത്രാടം.  കടകമ്പോളങ്ങളില്‍ രാവിലെ മുതല്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. പഴം, പച്ചക്കറി കടകളിലും വസ്ത്രാലയങ്ങളിലും ആഭരണക്കടകളിലും രണ്ടു ദിവസമായി നല്ല തിരക്കാണ്. കസവുമുണ്ടും സാരിയും മുണ്ടും ഷര്‍ട്ടും പട്ടുപാവാടയും കുട്ടികള്‍ക്കുളള ഓണമുണ്ടും ഒക്കെ വാങ്ങുവാനായി കുടുംബസമേതമാണ് എല്ലാവരും കടകളിലെത്തുന്നത്. അവിയലും സാമ്പാറും തോരനും പച്ചടിയും കിച്ചടിയും പ്രഥമനും ഒക്കെയായി വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കാന്‍ വീട്ടമ്മമാര്‍ ഇന്ന് അടുക്കളയിലേക്കുള്ള വിഭവങ്ങള്‍ ശേഖരിക്കും. അച്ചാര്‍ തുടങ്ങിയ വിഭവങ്ങള്‍ ഇന്നു തന്നെ തയാറാക്കും.

സപ്ലൈകോയുടെ ഓണച്ചന്തകളില്‍ വീട്ടമ്മമാരുടെ നീണ്ട ക്യൂവാണ് രാവിലെ മുതല്‍. കൃഷി വകുപ്പിന്റെ ഓണസമൃദ്ധി പച്ചക്കറി സ്റ്റാളുകളിലും റിക്കാര്‍ഡ് കച്ചവടമാണ് നടക്കുന്നത.് ഗ്രാമങ്ങളുടെ മുക്കിലും മൂലയിലും വിവിധ സംഘടനകളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറി ചന്തകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷക കൂട്ടായ്മകളും സഹകരണസംരംഭങ്ങളും നാടെങ്ങും ഓണച്ചന്തകള്‍ തുറന്നിരിക്കുന്നു. പച്ചക്കറി ഇനങ്ങള്‍ക്ക് പൊള്ളുന്ന വിലയില്ല. ഏറെ ഇനങ്ങള്‍ക്കും 30 രൂപയില്‍ താഴെയാണു കിലോ വില. പട്ടണങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖ കേറ്ററിംഗ് യൂണിറ്റുകളുടെയും ബേക്കറികളുടെയും ആഭിമുഖ്യത്തില്‍ പായസമേളയും സംഘടിപ്പിച്ചുണ്ട്.

മലയാളിയെ കോടിയുടുപ്പിക്കാന്‍ മറുനാട്ടില്‍നിന്നു വന്‍തോതില്‍ കച്ചവടക്കാര്‍ വഴിയോരവാണിഭവുമായി എത്തിയിട്ടുണ്ട്. പഴം, പച്ചക്കറി ഇനങ്ങള്‍ക്ക് വിലക്കയറ്റമില്ലാത്തത് വലിയ ആശ്വാസമായി. പൂവിളിയുമായി പൂക്കളം ഒരുക്കാന്‍ കുട്ടികള്‍ ഒരുക്കത്തിലാണ്. പൂവിപണിയില്‍ വിലക്കയറ്റമുണ്ടെങ്കിലും ആവശ്യ ക്കാര്‍ക്ക് കുറവില്ല. 150രൂപ വിലയുണ്ടായിരുന്ന വാടാമല്ലിക്ക് ഇന്നലെ വില കിലോയ്ക്കു മുന്നൂറു രൂപയായിരുന്നു.

കാലവും കാലാവസ്ഥയും മാറിയതോടെ ഓണക്കാലത്തിന്റെ കാഴ്ചകള്‍ മങ്ങിമറഞ്ഞു. ഓണത്തുമ്പിയും ഓണപ്പൂവുമില്ലാത്ത കാലം. കാലം തെറ്റിയ മഴയാണ് ഓണത്തുമ്പിയെ അകറ്റിയത്. മണ്ണിന്റെ ഘടന മാറിയതോടെ ഓണപ്പൂക്കളും ഇല്ലാതായി. നാട്ടിന്‍പുറങ്ങളില്‍ പൂക്കളം തീര്‍ക്കാന്‍ തുമ്പയും തെച്ചിയും വാടാമുല്ലയും ചെത്തിയും കാണാനില്ല. മഴ മാറിയെങ്കിലും ഓണവെയിലിന്റെ തെളിമ പ്രകൃതിക്കില്ല. ഊഞ്ഞാലും ഊഞ്ഞാലാട്ടവും ഓര്‍മയിലേക്ക് മാഞ്ഞു. കടുവാകളിയും തുമ്പിതുള്ളവും തിരുവാതിരയും ഓണപ്പാട്ടും ഇല്ലാതായി. ടെലിവിഷനുകളിലെ ഓണക്കാഴ്ചകളില്‍ ഒതുങ്ങുകയാണു പൊന്നോണം.

Related posts