നെടുമങ്ങാട്- തിരുവനന്തപുരം റോഡിലെ ഗട്ടറുകള്‍ അപകടക്കെണിയാവുന്നു

TVM-ROAD-GATTERനെടുമങ്ങാട്:  ഏറ്റവും  തിരക്കേറിയ  നെടുമങ്ങാട്  തിരുവനന്തപുരം  റോഡില്‍ ഗട്ടറുകള്‍ അപകടക്കെണിയാകുന്നു. അഴിക്കോട് ജംഗ്ഷന് സമീപവും  പത്താംകല്ലിന് സമീപവുമുള്ള  അഗാധ ഗര്‍ത്തങ്ങളില്‍ വീണ് അടുത്ത ദിവസങ്ങളില്‍  നിരവധി  യാത്രക്കാര്‍ക്ക് പരിക്ക് പറ്റി. വഴയില  മുതല്‍ പുത്തന്‍പാലം വരെയുള്ള  റോഡിന്റെ  ടാറിംഗ് നടത്തിയപ്പോള്‍ റോഡിന്റെ  അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ  കൃത്യമായി  നടത്തി റോഡ്  പരിപാലിക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ റോഡിന്റെ  പലഭാഗങ്ങളിലും  കുഴികള്‍  നിറഞ്ഞിട്ടും  അപകടങ്ങള്‍  പതിവായിട്ടും  പിഡബ്ല്യുഡി അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ല.

ഓഫീസുകളിലും  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  മറ്റ് ആവശ്യങ്ങള്‍ക്കുമായി  തലസ്ഥാന  നഗരിയിലേക്കും  തിരിച്ചും  ആയിരങ്ങള്‍ നിത്യേന യാത്ര ചെയ്യുന്ന  റോഡിലാണ് ഈ ഗതികേട്.അഴിക്കോടിന് സമീപം  റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍  ഏറെയായി.  ഇത് ഒരു വളവ് കൂടി  ആയതിനാല്‍  അപകടങ്ങള്‍ പതിവാണ്.  ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍  ഇവിടെ ഗട്ടറില്‍ വീണ് ആക്്‌സില്‍ ഒടിഞ്ഞ് കിടക്കുന്നതും ഗതാഗതക്കുരുക്ക് ഉണ്ടാവുന്നതും  പതിവ് കാഴ്ചയാണ്.  കഴിഞ്ഞദിവസം പത്താംകല്ലിനു സമീപം റോഡിലെ കുഴിയില്‍ നിറച്ച് യാത്രക്കാരുമായി വന്ന കെഎസ്ആര്‍ടിസയുടെ ലോ ഫ്‌ളോര്‍ ബസിന്റെ ടയര്‍  കുടുങ്ങുകയും  യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇരുചക്രവാഹന യാത്രക്കാര്‍  റോഡിലെ കുഴികള്‍ ശ്രദ്ധിക്കാതെ  അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്ക പറ്റുന്നുണ്ട്. അപകടം പതിവായതോടെ നാട്ടുകാര്‍  റോഡിലെ കുഴിയില്‍ അപായ സൂചനയായി കൊടിനാട്ടി. മഴക്കാലമായതോടെ  കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതും വാഹനയാത്രക്കാര്‍ക്ക് അപകടക്കെണിയാവുന്നു.  അധികൃതര്‍ അടിയന്തരമായി  റോഡിന്റെ അറ്റകുറ്റപ്പണിനടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related posts