നെയ്യാറ്റിന്‍കരയില്‍ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന സാമ്പാറില്‍ ജീവനുള്ള എലിയെ കണെ്ടത്തി

TVM-FOODELIനെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി കാന്റീനില്‍ പഴകിയ ആഹാരപദാര്‍ഥങ്ങള്‍. നഗരത്തിലെ മറ്റൊരു ഹോട്ടലില്‍ സാമ്പാറില്‍  ജീവനുള്ള എലി. നെയ്യാറ്റിന്‍കര നഗരസഭ ആരോഗ്യവിഭാഗം ഇന്നലെ പതിനെട്ട് ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പത്ത്  ഭക്ഷണശാലകളിലും കണ്ടത് വൃത്തിഹീനമായ അന്തരീക്ഷം. രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ ദിവസവും നൂറു കണക്കിന് പേര്‍ വന്നുപോകുന്ന നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രണ്ടു ദിവസം പഴക്കമുള്ള ആഹാര പദാര്‍ഥങ്ങളാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ആശുപത്രി ജംഗ്ഷന്‍ മുതല്‍ വഴിമുക്ക് വരെയുള്ള ഹോട്ടലുകളില്‍ റെയ്ഡ് നടത്തി. മറ്റൊരു ഹോട്ടലില്‍ നിന്നും പിടിച്ചെടുത്ത പഴകിയ സാമ്പാറില്‍ ജീവനുള്ള എലിയെ കണ്ടെത്തി.

പല ഹോട്ടലുകളിലും പാചകം ചെയ്യാനായി ഉപയോഗിച്ചിരുന്നത് പഴകിയ എണ്ണയാണെന്നും പരിശോധനയില്‍ വ്യക്തമായി. പഴകിയ ആഹാരപദാര്‍ഥങ്ങള്‍ ചൂടാക്കി കൊടുക്കുന്ന പതിവുമുള്ളതായി തെളിഞ്ഞുവെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. പതിനെട്ട് ഹോട്ടലുകളിലാണ് പരിശോധന നടന്നത്. ഇവയില്‍ പത്ത് ഹോട്ടലുകളിലെയും അടുക്കള അടക്കമുള്ള ഇടങ്ങള്‍ വൃത്തിഹീനമായിരുന്നു. ഈ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ന്യൂനതകള്‍ പരിഹരിച്ച് നഗരസഭയെ അറിയിക്കണമെന്നും തുടര്‍ന്ന് ആരോഗ്യവിഭാഗം  ഉദ്യോഗസ്ഥര്‍ ഇക്കാര്യം സംബന്ധിച്ച പരിശോധന നടത്തിയതിനു ശേഷം പ്രവര്‍ത്തനാനുമതി നല്‍കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന നടത്താനാണ് ആരോഗ്യവിഭാഗം ഉദ്ദേശിക്കുന്നത്. മാസത്തില്‍ കുറഞ്ഞത് ഒരിക്കലെങ്കിലും പരിശോധന നടത്തും. ഹോട്ടലുകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലയിടത്തും പല ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും തോന്നുംപടിയാണ് വില ഈടാക്കിയിരുന്നത്.

Related posts