പാരീസ്: റൊളാംഗ് ഗാരോയുടെ കണ്ണീരായി റാഫേല്‍ നദാല്‍. ഇടതു കൈക്കുഴയ്ക്കു പരിക്കേറ്റ സ്പെയിനിന്റെ നദാല്‍ ഫ്രഞ്ച് ഓപ്പണില്‍നിന്നു പിന്മാറി. ഒമ്പതു തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ നദാല്‍ കഴിഞ്ഞ ദിവസം ഫാക്കുന്‍ഡോ ബാഗ്്നിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തിയിരുന്നു. ഈ മത്സരത്തില്‍ വേദനസംഹാരി കുത്തിവച്ചായിരുന്നു താന്‍ കളിച്ചതെന്ന് നദാല്‍ വ്യക്തമാക്കി. എന്നാല്‍, മത്സരശേഷം വേദന കൂടി. ഇപ്പോള്‍ കൈ ചലിപ്പിക്കാനാവുന്നില്ല.
അതിനാല്‍ വളരെ വിഷമത്തോടെ പിന്മാറുകയാണെന്ന് നദാല്‍ അറിയിച്ചു. ഇനിയും —കളിച്ചാല്‍ അതു വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും അതിനാല്‍ പിന്മാറുകയാണെന്ന് നദാല്‍ അറിയിച്ചു. എന്നാല്‍, താന്‍ അധികം താമസിയാതെ ശക്തമായി തിരിച്ചെത്തുമെന്ന് നദാല്‍ വിശ്വാസം പ്രകടിപ്പിച്ചു. ഇതോടെ മൂന്നാം റൗണ്ടില്‍ വിജയിക്കാതെ തന്നെ മാഴ്സെ ഗ്രാനോള്സിന് പ്രീക്വാര്‍ട്ടറിലെത്താന്‍ കഴിയും. ഫ്രഞ്ച് ഓപ്പണില്‍ ഏറ്റവും കൂടുതല്‍ ചാമ്പ്യനായതിന്റെ റിക്കാര്‍ഡ് നദാലിന്റെ പേരിലാണ്. പരിക്കിനെത്തുടര്‍ന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങുംമുമ്പേ പിന്മാറിയിരുന്നു.