പാലക്കാട്: പാമോയില്‍ കേസില്‍ ആരേയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന സുപ്രീംകോടതി പരാമര്‍ശം യുഡിഎഫ് എന്ന ഐക്യ അഴിമതി മുന്നണി സര്‍ക്കാരിനു കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അഭിമാനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി പദവി ഉപേക്ഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇരുപത്തിനാലു വര്‍ഷമായി താന്‍ നടത്തിക്കൊണ്ടിരുന്ന പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണ് കോടതി പരാമര്‍ശം.കേസിലെ പ്രതികളുമായി കൂട്ടുചേര്‍ന്ന് നിയമസംവിധാനം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പെരുമ്പാവൂരില്‍ ജിഷയെ പൈശാചികമായി കൊലപ്പെടുത്തിയ നരാധമന്‍മാരെ സംരക്ഷിക്കുകയാണ് പോലീസും ആഭ്യന്തര വകുപ്പും ചെയ്തത്. കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നവരെയെല്ലാം തല്ലിയൊതുക്കാമെന്നാണ് ആഭ്യന്തര വകുപ്പ് വിചാരിക്കുന്നത്.
ഈ മാസം നാലിനു പെരുമ്പാവൂരില്‍ പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചു. ‘ജസ്റ്റീസ് ഫോര്‍ ജിഷ’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാര്‍ച്ചിനു നേരെയും പോലീസിന്റെ നരനായാട്ട് നടന്നു. തെളിവുകള്‍ നശിപ്പിക്കാനും ജിഷയുടെ അമ്മ നല്‍കിയ പരാതി മൂടിവയ്ക്കാനും കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും കൊലപാതകിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും വേണം.
മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വെള്ളാപ്പള്ളിക്കെതിരേയുള്ള റവന്യൂ റിക്കവറിയില്‍ സ്റ്റേ സമ്പാദിച്ചതും തെരഞ്ഞെടുപ്പു കഴിയുംവരെ കേസ് മരവിപ്പിച്ചുനിര്‍ത്തുന്നതും യുഡിഎഫ ്- ബിജെപി ബന്ധത്തിനു പാലം പണിയാന്‍ വേണ്ടിയാണെന്നു വി.എസ് ആരോപിച്ചു.