കോട്ടയം: അഴിമതി വിരുദ്ധ പോരാട്ടത്തില്‍ വി.എസ്. അച്യുതാനന്ദനുമായി തനിക്കുള്ള ബന്ധത്തില്‍ അതൃപ്തിയുള്ള സിപിഎമ്മിലെ ഒരു വിഭാഗമാണ് ഇടതുമുന്നണി പ്രവേശനത്തിലും പൂഞ്ഞാര്‍ സീറ്റു നിഷേധിക്കലിനു പിന്നിലും പ്രവര്‍ത്തിച്ചതെന്നു പി.സി. ജോര്‍ജ്.
അഴിമതി വീരന്മാരും ഭൂമാഫിയകളും അധോലോക കണ്ണികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കള്‍ക്കു തന്റെ സാന്നിധ്യം ഉള്‍ക്കൊള്ളാനാവില്ല. വി.എസ്. അച്യുതാനന്ദന് മുമ്പ് നടത്തിയ വിവിധ പോരാട്ടങ്ങളില്‍ താന്‍ കൂടെ നിന്നത് സിപിഎമ്മിലെ ഉന്നതര്‍ക്ക് പലവിധത്തില്‍ പാരയായി. ഭാവിയിലും വി.എസ്. അച്യുതാനന്ദനോടൊപ്പം താന്‍ നില്‍ക്കുമെന്ന ആശങ്കയും ഭീതിയും കൊണ്ടാണ് തനിക്ക് പിന്തുണ നല്‍കാതിരുന്നതെന്നു പി.സി. ജോര്‍ജ് പറഞ്ഞു.
സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ഈ ഗൂഢനീക്കം വിവരമുള്ളവര്‍ക്കെല്ലാം തിരിച്ചറിയാനാവും. ആറു തവണ പൂഞ്ഞാറിലെ ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസം അടുത്ത തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഈ ജനപിന്തുണയുടെ തെളിവായിരുന്നു ഇടതുമുന്നണിക്കു ലഭിച്ച അവിശ്വസനീയമായ ജയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു പ്രചാരണ പരിപാടികള്‍ തുടങ്ങിയതായി പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
സീറ്റു നിഷേധത്തില്‍ ഞെട്ടി ജെഎസ്എസ്; മിണ്ടാട്ടമില്ലാതെ ഗൗരിയമ്മ
ആലപ്പുഴ: എല്‍ഡിഎഫില്‍നിന്ന് അപ്രതീക്ഷിതമായി സീറ്റു നിഷേധിക്കപ്പെട്ടതിന്റെ ഞെട്ടലില്‍ ജെഎസ്എസ്. പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട് 22 വര്‍ഷത്തിനുശേഷം എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി രണ്ടുതവണ ഗൗരിയമ്മ ചര്‍ച്ച നടത്തിയിട്ടും ജെഎസ്എസിന് സീറ്റു നിഷേധിക്കപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. ആദ്യഘട്ട ചര്‍ച്ചയില്‍ ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലായി നാലു സീറ്റുകളാണ് പാര്‍ട്ടി എല്‍ഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നത്. ഒരു സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷ ജെഎസ്എസ് നേതൃത്വത്തിനുണ്ടായിരുന്നു.
എന്നാല്‍ ഇന്നലെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് സീറ്റു വിഭജനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയപ്പോള്‍ പഴയ വിപ്ലവ നായികയുടെ പാര്‍ട്ടി തെരഞ്ഞെടുപ്പ് കളത്തിന് പുറത്താകുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ പോലും ഇത്രയും താന്‍ വിഷമിച്ചിട്ടില്ലെന്നായിരുന്നു വിവരമറിഞ്ഞ ശേഷം ഗൗരിയമ്മ പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രതികരിച്ചത്.
എല്‍ഡിഎഫ് തീരുമാനമറിഞ്ഞ് ദു:ഖിതയായ ഗൗരിയമ്മ മാധ്യമ പ്രവര്‍ത്തകരെ കാണാനോ സംസാരിക്കാനോ തയാറായതുമില്ല. സീറ്റു നിഷേധിക്കപ്പെട്ട വിവരമറിഞ്ഞ് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിയിലെത്തിയെങ്കിലും ജെഎസ്എസ് സംസ്ഥാന സെക്രട്ടറി ഗോപന് അടക്കമുള്ള നേതാക്കന്മാരെ കണ്ട് മടങ്ങേണ്ടിവന്നു. നാളെ പാര്‍ട്ടി സംസ്ഥാന സെന്റര്‍ ആലപ്പുഴയില്‍ ചേരുമെന്നും ഇതില്‍ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ജെഎസ്എസ് സംസ്ഥാന സെക്രട്ടറി ബി. ഗോപന് രാഷ്ട്രദീപികയോട് പറഞ്ഞു.1994ല്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട് ജെഎസ്എസ് രൂപീകരിച്ച ഗൗരിയമ്മ പിന്നീട് യുഡിഎഫിനൊപ്പമായിരുന്നു. 2001ല്‍ അഞ്ച് സീറ്റില്‍ മത്സരിച്ച പാര്‍ട്ടി നാലു സീറ്റുകളില്‍ വിജയിക്കുകയും ഗൗരിയമ്മ കൃഷിമന്ത്രിയാകുകയും ചെയ്തു.
2011ല്‍ നാലു സീറ്റില്‍ പാര്‍ട്ടി മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. ഇതിനിടയില്‍ പാര്‍ട്ടിയില്‍ അഭ്യന്തര പ്രശ്നങ്ങളുണ്ടാകുകയും 2014 ഓടെ പാര്‍ട്ടി യുഡിഎഫ് വിടുകയും ചെയ്തു. രണ്ടുപതിറ്റാണ്ടിലേറെ സിപിഎമ്മുമായി ബന്ധമില്ലാതിരുന്ന ഗൗരിയമ്മയെ സിപിഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ചയിലാണ് എല്‍ഡിഎഫുമായി സഹകരിക്കുന്ന നിലപാടിലെത്തിച്ചത്.
ഒരു ഘട്ടത്തില്‍ ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. നിലവില്‍ എല്‍ഡിഎഫില്‍ നിന്നുള്ള സീറ്റുനിഷേധം ജെഎസ്എസ് എന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി വിശേഷത്തിലെത്തിച്ചിരിക്കുകയാണ്.