പിഎസ്സി: ഡിഗ്രിതല പരീക്ഷകള്‍ക്ക് ഇനി കൂടുതല്‍ മലയാളം ചോദ്യങ്ങള്‍

TOP-PSCതിരുവനന്തപുരം: പിഎസ്സി നടത്തുന്ന ഡിഗ്രിതല പരീക്ഷകള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ മലയാളം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. ഇതുസംബന്ധിച്ച മാര്‍ഗരേഖ തയാറാക്കുന്നതിന് വിദഗ്ധരെ ചുമതലപ്പെടുത്തും. ഭരണഭാഷാ വിദഗ്ധര്‍, കോളജുകളിലെയും സര്‍വകലാശാലകളിലെയും മലയാളം ഭാഷാ അധ്യാപകര്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാകും ഇതുസംബന്ധിച്ച മാര്‍ഗരേഖ തയാറാക്കുക. ഇതിനു പുറമേ ന്യൂനപക്ഷ ഭാഷാ ചോദ്യങ്ങളും പിഎസ്സി പരീക്ഷകളില്‍ ഉള്‍പ്പെടുത്തും. തമിഴ്, കന്നട ഭാഷകളിലെ സര്‍വകലാശാല അധ്യാപകരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും.

ഔദ്യോഗിക ഭാഷയെന്ന നിലയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് മലയാളത്തിലുള്ള അറിവ് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അതിനാല്‍ അതുസംബന്ധിച്ച ചോദ്യങ്ങള്‍ ആവശ്യമാണെന്നുമുള്ള നിലപാടിലാണ് പിഎസ്സി. പിഎസ്സി പരീക്ഷകളില്‍ ഭാഷാ സംബന്ധമായ ചോദ്യങ്ങള്‍ കാരണമുണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും ഭാഷാ ചോദ്യങ്ങള്‍ പരാതികള്‍ക്കിടനല്‍കാത്തവിധം ഉള്‍പ്പെടുത്തുകയും ചെയ്യുന്നതിനാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധരെ നിയോഗിക്കുന്നത്.

ഭരണഭാഷാ സംബന്ധമായ സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കുന്നതോടൊപ്പം ന്യൂനപക്ഷ ഭാഷാ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിരക്ഷയും പരിഗണനയും ഉറപ്പാക്കുന്ന വിധത്തില്‍ ചോദ്യപ്പേപ്പര്‍ പുനഃകമീകരിക്കും. ഇതിന് മാര്‍ഗരേഖ തയാറാക്കുന്നതിനായി ഡോ.ജോര്‍ജ് ഓണക്കൂറിനെ കോ–ഓര്‍ഡിനേറ്റര്‍ ആയും എഴുമറ്റൂര്‍ രാജരാജവര്‍മയെ കണ്‍വീനര്‍ ആയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പിഎസ്സി പരീക്ഷാ കണ്‍ട്രോളര്‍ എന്‍. നാരായണ ശര്‍മയെ ഡയറക്ടര്‍ ആയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

പിഎസ്സി പരീക്ഷകളില്‍ കൂടുതല്‍ മലയാളം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് കുട്ടികളെല്ലാം മലയാളം പഠിക്കുന്നത് നിര്‍ബന്ധമാക്കി നിയമ നിര്‍മാണം നടത്തുന്നതിന് സര്‍ക്കാരിന് ശിപാര്‍ശയും നല്‍കി. എന്നാല്‍ അതിനുശേഷം വന്ന സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷയ്ക്ക് മലയാളം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ ശക്തായ പ്രതിഷേധവും ഉയര്‍ന്നി രുന്നു.

Related posts