പിണറായിക്ക് 54.73 ലക്ഷത്തിന്റെ ആസ്തി; കൈവശം 10,000 രൂപ; നികേഷിന് 4.68 കോടിയുടെആസ്തി; ഇ.പി. ജയരാജനു സ്വന്തമായി വീടോ വാഹനമോ ഇല്ല; മന്ത്രി കെ.പി. മോഹനന്റെ കൈവശം 12,000 രൂപ

pinarayiകണ്ണൂര്‍: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ധര്‍മടം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പിണറായി വിജയന് 54.73 ലക്ഷം രൂപയുടെ സ്വത്ത്. പണമായി കൈയിലുള്ളതു പതിനായിരം രൂപ. സ്വന്തമായി വീടുണെ്ടങ്കിലും സ്വര്‍ണമോ വാഹനമോ ഇല്ല. തലശേരി എസ്ബിഐ ശാഖയിലെ സേവിംഗ് അക്കൗണ്ടില്‍ 62,975 രൂപയും പിണറായി കോ-ഓപ്പറേറ്റീവ് ബാങ്കില്‍ 4,522 രൂപയും മൗവഞ്ചേരി ബാങ്കില്‍ 1,90,500 രൂപയുമുണ്ട്. മലയാളം കമ്യൂണിക്കേഷനില്‍ 10,000 രൂപയുടെ ഓഹരികളും പിണറായിയിലെ പിക്കോസ് സഹകരണസംഘത്തില്‍ 1,000 രൂപയുടെ ഓഹരിയും ഉണ്ട്. പിണറായിയിലും പാതിരിയാടുമായി 78 സെന്റ് ഭൂമിയുണ്ട്. റിട്ട. അധ്യാപികയായ ഭാര്യ കമലയ്ക്കു വടകര ഒഞ്ചിയം കണ്ണൂക്കരയില്‍ പാരമ്പര്യമായി ലഭിച്ച 17.5 സെന്റ് സ്ഥലമുണ്ട്. ഇതിന് ഇപ്പോള്‍ 35 ലക്ഷത്തോളം രൂപ മതിപ്പുവില വരും. തലശേരിഎസ്ബിഐയില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ 56,543 രൂപയും തിരുവനന്തപുരം ശാഖയില്‍ 13,015 രൂപയും മാടായി കോ-ഓപ്പറേറ്റിവ് റൂറല്‍ ബാങ്കില്‍ 2,31,847 രൂപയുമുണ്ട്.

മലയാളം കമ്യൂണിക്കേഷനില്‍ കമലയ്ക്ക് 20,000 രൂപ മൂല്യമുള്ള ഓഹരിയും പിണറായി പോസ്റ്റ് ഓഫീസില്‍ നാഷണല്‍ സേവിംഗ്‌സില്‍ 10,000 രൂപയുടെ പത്ത് സര്‍ട്ടിഫിക്കറ്റുകളുമുണ്ട്. പോസ്റ്റ് ഓഫീസില്‍ മൂന്ന് അക്കൗണ്ടുകളില്‍ ആര്‍ഡി നിക്ഷേപമായി 1,87,000 രൂപയും വടകര അടക്കാത്തെരു പോസ്റ്റ് ഓഫീസില്‍ ആര്‍ഡി അക്കൗണ്ടില്‍ 72,500 രൂപയുമുണ്ട്. 2,20,000 രൂപ മൂല്യം വരുന്ന 80 ഗ്രാം സ്വര്‍ണവും ഇവര്‍ക്കുണ്ട്. മൗവഞ്ചേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കില്‍ 7,95,000 രൂപയുടെ വായ്പാ ബാധ്യതയുണ്ട്.

നികേഷിന് 4.68 കോടിയുടെആസ്തി

അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. നികേഷ്കുമാറിനു 4,68,40,877 രൂപയുടെ ആസ്തി. ഭാര്യ റാണി ജോര്‍ജിന് 42,16,222 രൂപയുടെ ആസ്തിയുമുണ്ട്. ഗോകുലം ചിട്ടിഫണ്ടില്‍നിന്നു 1.65 കോടി രൂപ നികേഷ് വായ്പയെടുത്തിട്ടുണ്ട്. നികേഷ് മാനേജിംഗ് ഡയറക്ടറായിട്ടുള്ള ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനലിന്റെ പേരില്‍ നികേഷിന് 2,29,93,434 രൂപയും ഭാര്യയുടെ പേരില്‍ 32,50,124 രൂപയും വായ്പയെടുത്തിട്ടുണ്ട്. ഇതേ ചാനലില്‍ നികേഷിന് 2,30,000 രൂപയുടെ ഓഹരിയുമുണ്ട്. ഇപ്പോഴിതിന്റെ മുഖവില 2.30 കോടിയാണ്. ഭാര്യയുടെ പേരിലുള്ള 5,000 രൂപയുടെ ഓഹരിക്ക് നിലവില്‍ അഞ്ചുലക്ഷം രൂപയുടെ മുഖവിലയുണ്ട്.

നികേഷിന്റെ കൈവശമുള്ളത് 5,500 രൂപ മാത്രം. ഭാര്യയുടെ കൈവശമുള്ളതു 3,000 രൂപ. നികേഷിന് എട്ടുഗ്രാം സ്വര്‍ണവും ഭാര്യയ്ക്ക് 160 ഗ്രാം സ്വര്‍ണാഭരണങ്ങളുമുണ്ട്. എട്ടു ലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ടാ സിറ്റി 2009 മോഡല്‍ കാറുണ്ട്. 4,899 രൂപ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എറണാകുളം ശാഖയിലും 15,000 രൂപ ചിറക്കല്‍ സര്‍വീസ് ബാങ്കിലും നികേഷിനു നിക്ഷേപമുണ്ട്. എറണാകുളത്തെ സൗത്ത് ബാനര്‍ജി റോഡിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഭാര്യയ്ക്ക് 23,155 രൂപയും നിക്ഷേപമുണ്ട്. നികേഷിന് എറണാകുളം കാക്കനാട് വാഴക്കാലായില്‍ 5,579 സ്ക്വയര്‍ഫീറ്റ് സ്ഥലമുണ്ട്.

ഇ.പി. ജയരാജനു സ്വന്തമായി വീടോ വാഹനമോ ഇല്ല

സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മട്ടന്നൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥിയുമായ ഇ.പി. ജയരാജന് സ്വന്തമായി വീടോ ഭൂമിയോ വാഹനമോ ഇല്ല. വിവിധ ബാങ്കുകളില്‍ നിക്ഷേപമായി 1,96,617 ലക്ഷം രൂപയുണ്ട്. തിരുവനന്തപുരം പാളയം ഫെഡറല്‍ ബാങ്കില്‍ 20,301 രൂപ, തിരുവനന്തപുരം സബ് ട്രഷറിയില്‍ 1,48,193 രൂപ, കണ്ണൂര്‍ സബ് ട്രഷറിയില്‍ 3,123 രൂപ, കൂടാളി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ 25,000 രൂപ എന്നിങ്ങനെയാണു നിക്ഷേപം. ഭാര്യ ഇന്ദിരയുടെ പേരില്‍ 34 സെന്റ് സ്ഥലവും വീടും കൂടാതെ മറ്റൊരു 30 സെന്റ് സ്ഥലംകൂടിയുണ്ട്.

ഇന്ദിരയ്ക്കു കണ്ണൂര്‍ ജില്ലാ ബാങ്കില്‍ ഒരു അക്കൗണ്ടില്‍ 79,510 രൂപയും മറ്റൊരു അക്കൗണ്ടില്‍ 40,505 രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1,14,236 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 3,063 രൂപയും എസ്ബിടി പാപ്പിനിശേരി ശാഖയില്‍ 1,17,738 രൂപയും നിക്ഷേപമായുണ്ട്. എസ്ബിടി പാപ്പിനിശേരി ശാഖയില്‍ തൊണ്ണൂറായിരത്തിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റും കണ്ണൂര്‍ ജില്ലാ ബാങ്കില്‍ 1,90,000 രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ട്. 1.75 ലക്ഷം രൂപയുടെ ഹൗസിംഗ് ലോണുണ്ട്.

പാച്ചേനിയുടെ ആസ്തി 21.72 ലക്ഷം

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിക്ക് 21.72 ലക്ഷം രൂപയുടെ ആസ്തിയും 13.37 ലക്ഷം രൂപയുടെ ബാധ്യതയും. പണമായി കൈയില്‍ 11,000 രൂപയും വിവിധ ബാങ്കുകളിലായി 12,555 രൂപയുടെ നിക്ഷേപവുമാണുള്ളത്. ഭാര്യ കെ.വി. റീനയുടെ കൈവശം 7,200 രൂപയും ബാങ്കടക്കമുള്ള വിവിധ നിക്ഷേപസ്ഥാപനങ്ങളില്‍ 2063 രൂപയുമുണ്ട്.

തളിപ്പറമ്പിലെ ഒരു കമ്പനിയില്‍ രണ്ട് ലക്ഷത്തിന്റെ ഓഹരിയും ഒരു ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് പോളിസിയും ഭാര്യയുടെ പേരിലുണ്ട്. 6.27 ലക്ഷം രൂപ വിലമതിക്കുന്ന മാരുതി സ്വിഫ്റ്റ് കാറും 21,000 രൂപ വിലമതിക്കുന്ന എട്ടുഗ്രാം സ്വര്‍ണവും തളിപ്പറമ്പ് വില്ലേജില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന 3.64 സെന്റ് സ്ഥലവും സതീശന്റെ പേരിലുണ്ട്. ഭാര്യ റീനയ്ക്ക് 5.04 ലക്ഷം രൂപ വിലമതിക്കുന്ന 192 ഗ്രാം സ്വര്‍ണമടക്കം മൊത്തം 8.13 ലക്ഷത്തിന്റെ ജംഗമ വസ്തുക്കളാണുള്ളത്.

മകള്‍ സാനിയയ്ക്ക 21,000 രൂപ വിലമതിക്കുന്ന എട്ടുഗ്രാം സ്വര്‍ണമുണ്ട്. പാച്ചേനിക്ക് ബാധ്യതയായി വാഹന ഇനത്തില്‍ 3.94 ലക്ഷവും വീട് വായ്പയിനത്തില്‍ തളിപ്പറമ്പ് സഹകരണ ബാങ്കിന് 7.02 ലക്ഷവും തളിപ്പറമ്പ് ഗ്രാമീണ ബാങ്കിന് വായ്പയായി ഒരുലക്ഷവും എസ്ബിടി തളിപ്പറമ്പ് ശാഖയില്‍ സ്വര്‍ണവായ്പയിനത്തില്‍ 1.40 ലക്ഷവും അടയ്ക്കാനുണ്ട്.

മന്ത്രി കെ.പി. മോഹനന്റെ കൈവശം 12,000 രൂപ

കൂത്തുപറമ്പ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി കെ.പി. മോഹനന്റെ കൈവശമുള്ളതു 12,000 രൂപ. 2000 രൂപ ഭാര്യ ഹേമജയുടെ കൈവശവുണ്ട്. 4,28,105 രൂപ ജംഗമാസ്തിയായി കെ.പി മോഹനനും 4,04,749 രൂപയുടെ ജംഗമാസ്തി ഭാര്യയുടെ പേരിലുമുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കും ഭര്‍ത്താവ് മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ കെ.കെ.ഭാസ്കരന്‍ മാസ്റ്റര്‍ക്കും കൂടി 13.75 ലക്ഷം രൂപയുടെ ജംഗമാസ്തിയുണ്ട്. ഇരുവര്‍ക്കും കൂടി മൂവായിരം രൂപ കൈവശമുണ്ട്. ഏഴര ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.

Related posts