പിറവത്ത് കുടിവെള്ളത്തില്‍ മാലിന്യം കൂടുന്നു; തുറന്നുവെച്ചിരിക്കുന്ന വാല്‍വ് ചേംബറില്‍ എലി, ഉടുമ്പ്, മാലിന്യ വസ്തുക്കള്‍

EKM-Waterപിറവം: ജലഅഥോറിറ്റി പിറവം ടൗണ്‍മേഖലയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ശുദ്ധതയില്‍ ആശങ്ക ഉയരുന്നു. ഐബി ജംഗ്ഷനിലുള്ള ജലഅഥോറിറ്റി ഓഫീസിന്റെ മുന്നിലെ റോഡരികില്‍ തുറന്നുവെച്ചിരിക്കുന്ന വാല്‍വ് ചേംബറിലെ വെള്ളത്തില്‍ എലി, ഉടുമ്പ് തുടങ്ങിയ ജീവികളും, പാഴ്‌വസ്തുക്കളും നിറഞ്ഞിരിക്കുകയാണ്. ഇതുവഴി പല ഭാഗങ്ങളിലേക്ക് പോകുന്ന വെള്ളമാണ് ജനം കുടിക്കാനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ അലംഭാവത്തിന്റേയും കെടുകാര്യസ്ഥതയുടേയും നേര്‍ക്കാഴ്ചയായാണ് മൂടിയില്ലാതെ തുറന്നുവെച്ചിരിക്കുന്ന വാല്‍വ് ചേംബര്‍. സാധാരണ ഇത്തരം ചേംബറുകള്‍ ഉയരം കൂട്ടിയാണ് നിര്‍മിക്കുന്നത്. മൂടുന്നതിനായി കവര്‍ സ്ലാബും നിര്‍മിച്ചിരിക്കും. എന്നാല്‍ ഇവിടെ റോഡ് നിരപ്പില്‍ നിന്നും വലിയ ഉയരമില്ലാത്ത രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനാലാണ് എലികളും മറ്റും ഇതികപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇതില്‍ വീണ രണ്ട് എലികളെ ജലഅഥോറ്റിയിലെ ജീവനക്കാരനെത്തിയാണ് പുറത്തെടുത്ത് കളഞ്ഞത്.

വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന വെള്ളം നിയന്ത്രിക്കുന്നതിനാണ് ചേംബര്‍ ഉപയോഗിക്കുന്നത്. ഏതെങ്കിലും ഭാഗത്ത് തകരാര്‍ ഉണ്ടായാല്‍ ഇവിടേയ്ക്കുള്ള വെള്ളം തടയുന്നത് ചേംബറിന്റെ വാല്‍വുകള്‍ അടച്ചാണ്. വാല്‍വ് തുറക്കുമ്പോഴും, അടയ്ക്കുമ്പോഴുമെല്ലാം ഇതിനുള്ളിലുള്ള മലിനജലവും കുടിവെള്ളത്തിനൊപ്പം കലരും. മഴക്കാലമായതിനാല്‍ നിരവധി അസുഖങ്ങള്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കെയാണ് ജനങ്ങള്‍ കുടിവെള്ളമായി മലിനജലവും ഉപയോഗിക്കേണ്ടി വരുന്നത്.

ടൗണിന്റെ മിക്ക കലുങ്കുകളുടെ അടിയിലൂടേയും, ഓടകളുടെ സൈഡിലൂടെയുമെല്ലാം കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലേക്കും, ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും വെള്ളമെത്തുന്നത് ഇതുവഴിയാണ്. പലയിടത്തും ഈ പൈപ്പുകളില്‍ നിന്നുമുള്ള ചെറിയ പൊട്ടലുകളിലൂടെ കുടിവെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. വെള്ളത്തിന്റെ പമ്പിംഗ് നിര്‍ത്തിവെയ്ക്കുന്ന സമയത്ത് ഈ പൊട്ടലുകളിലൂടെ തിരികെ ഓടയില്‍ നിന്നുമുള്ള മലിന ജലം കലരുകയും ചെയ്യും.

കുടിവെള്ളത്തില്‍ നൂല്‍പാമ്പിന്റെ സാന്നിധ്യവുമുണ്ട്. ഇക്കഴിഞ്ഞയാഴ്ച പോലീസ് സ്റ്റേഷന് സമീപമുള്ള ഒരു വീട്ടിലെ പൈപ്പ് വെള്ളത്തില്‍ നിന്നും നൂല്‍പാമ്പിനെ ലഭിച്ചിരുന്നു. മേഖലയില്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ കുടിക്കുന്നതിനായി ഉപയോഗിക്കുന്നത് ജലഅഥോറ്റി പമ്പ് ചെയ്യുന്ന ഈ വെള്ളമാണ്. പലരും വെള്ളം തിളപ്പിക്കാതെയുമാണ് ഉപയോഗിക്കുന്നത്.

Related posts