പാലാ: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേ റോഡില്‍ കിടങ്ങൂര്‍ ബസ്ബേയില്‍ പൂവാലശല്യം. സ്ത്രീകള്‍ക്ക് പൂവാലന്മാര് തലവേദനയായിട്ടുണ്ട്. ക്ലാസ് കട്ട് ചെയ്തു നടക്കുന്ന കൗമാരക്കാരായ ചില വിദ്യാര്‍ഥികളാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ബൈക്കുകളില്‍ കറങ്ങിനടക്കുന്ന ഇവര്‍ ബസ്ബേയില്‍ ബസ് കാത്തുനില്ക്കുന്ന സ്ത്രീകളെ നോക്കി കമന്റടിച്ച് പോകും. ഇവര്‍ക്കെതിരെ ആരെങ്കിലും തിരിയുമെന്ന് തോന്നിയാല്‍ കടന്നു കളയുകയാണ് പതിവ്.
സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്ന സമയം വരെയും ക്ലാസ് വിടുന്നതു മുതലുള്ള ഏതാനും മണിക്കൂറുകള്‍ വരെയും ബസ്ബേയില്‍ സ്വകാര്യബസുകള്‍ പ്രവേശിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികളെ കയറ്റുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ പൊലീസ് ഉണ്ടാകുമെന്നതിനാല്‍ ഈ സമയങ്ങളില്‍ പൂവാലന്മാര് മര്യാദരാമന്മാരായി എവിടേക്കെങ്കിലും മാറി നില്ക്കും. ഇതിനിടയില്‍ പോലീസ് സാന്നിധ്യമില്ലാത്ത സമയങ്ങളിലാണ് കൗമാരക്കാര്‍ സ്ത്രീകള്‍ക്ക് ശല്യമായി ബസ്ബേയില്‍ പാറി നടക്കുന്നത്. മുഴുവന്‍ സമയവും പോലീസ് സാന്നിധ്യം ഉറപ്പാക്കിയാല്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും ക്ലാസ് കട്ട് ചെയ്ത് കറങ്ങിനടക്കുന്ന വിദ്യാര്‍ഥികളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.