ഗയാന: ഏകദിന ക്രിക്കറ്റില്‍ നൂറു സിക്സറുകള്‍ പറത്തിയവരുടെ പട്ടികയിലേക്ക് വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന് കിറോണ്‍ പൊള്ളാര്‍ഡും. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ വിന്‍ഡീസ് താരമാണ് പൊള്ളാര്‍ഡ്. വിന്‍ഡീസിന് പുറമേ ഓസ്ട്രേലിയയും, ദക്ഷിണാഫിക്കയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിലാണ് 29-കാരനായ പൊള്ളാര്‍ഡ് ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ വിന്‍ഡീസ് നാല് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയും ചെയ്തു.
ദക്ഷിണാഫിക്ക ഉയര്‍ത്തിയ 188 എന്ന ചെറിയ സ്കോറിനെ പിന്തുടര്‍ന്ന വിന്‍ഡീസിന് ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായെങ്കിലും പൊള്ളാര്‍ഡ് ടീമന്റെ രക്ഷക്കെത്തുകയായിരുന്നു. മികച്ച രീതിയില്‍ ബാറ്റു ചെയ്ത പൊള്ളാര്‍ഡ് പതിവിനു വിപരീതമായി ക്രീസില്‍ പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. മോശം പന്തുകളെ അതിര്ത്തികടത്താനും കരീബിയന്‍ താരം മറന്നില്ല. അത് ഫലം കാണുകയും ചെയ്തു. 67 ബോളില്‍ നിന്ന് 67 റണ്‍സ് നേടിയ പൊള്ളാര്‍ഡിന്റെ ബാറ്റില്‍ നിന്ന് ആറു സിക്സറുകളും രണ്ടു ബൗണ്ടറികളുമാണ് പിറന്നത്.
വിന്‍ഡീസ് ഇതിഹാസ താരങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്സ്, ബ്രയാന്‍ ലാറ, വെടിക്കെട്ടു വീരന് ക്രിസ് ഗെയില്‍ എന്നിവരാണ് പൊള്ളാര്‍ഡിനു മുന്‍പ് സിക്സറുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികച്ച കരീബിയന്‍ ബാറ്റ്സ്മാന്മാര്.