കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍ നാളെ മുതല്‍ നടക്കുന്ന സംസ്ഥാന പോലീസ് കായികമേളയോടനുബന്ധിച്ച് ധൂര്‍ത്ത് നടന്നെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് പോലീസിലെ ഇന്റലിജന്‍സ് വിഭാഗം. മൂന്നുതരം ക്ഷണക്കത്ത് തയാറാക്കിയതും ഉയര്‍ന്ന ഓഫീസര്‍മാരെ നേരിട്ട് ക്ഷണിക്കാന്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ യാത്ര നടത്തിയതും ധൂര്‍ത്താണെന്നാണ് ആരോപണം. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടെന്നും കോഴിക്കോട്ടെ രഹസ്യാന്വേഷണ വിഭാഗം അസി. കമ്മീഷണര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നുമാണ് മറ്റൊരു പ്രചാരണം.
എന്നാല്‍ വിജിലന്‍സ് ഡയറക്ടറില്‍ നിന്നോ മറ്റേതെങ്കിലും മേലധികാരിയില്‍ നിന്നോ അത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം അസി. കമ്മീഷണര്‍ ‘ദീപിക’യോടു പറഞ്ഞു. സംസ്ഥാന പോലീസ് കായികമേള സംബന്ധിച്ച യാതൊരു അന്വേഷണത്തിനും ഉത്തരവിട്ടിട്ടില്ലെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പ്രതികരണം. പോലീസ് സംഘടനാ പ്രവര്‍ത്തനത്തിലെ രാഷ്ട്രീയ ചേരിതിരിവാണ് വിവാദത്തിന് കാരണമായതെന്ന് ഇന്റലിജന്‍സ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതോടെ ബന്ധപ്പെട്ടവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു.
ക്ഷണക്കത്ത് അച്ചടിച്ചതില്‍ വന്‍ ധൂര്‍ത്ത് നടന്നെന്നും സ്പോണ്സര്മാരില് നിന്ന് പണം പിരിക്കുന്നെന്നുമാണ് മുഖ്യപ്രചാരണം. എന്നാല്‍, പോലീസ് വെല്ഫെയര്ഫണ്ടില് നിന്ന് അനുവദിച്ച തുക കൊണ്ടാണ് ക്ഷണക്കത്ത് പ്രിന്റിംഗ്അടക്കം സര്‍വ ചെലവുകളും നടത്തുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം അസി.കമ്മീഷണര്‍ പറഞ്ഞു. പത്രവാര്‍ത്തകള്‍ കണക്കിലെടുത്താണ് ഇദ്ദേഹം അന്വേഷണം നടത്തിയത്. പോലീസുകാരില്‍ നിന്ന് വെല്‍ഫെയര്‍ ഫണ്ടിലേക്ക് പ്രതിമാസം നിശ്ചിത തുക പിരിക്കാറുണ്ട്. പോലീസ് കായികമേളയടക്കം ആഘോഷങ്ങള്‍ക്ക് ഫണ്ടില്‍ നിന്നും തുക അനുവദിക്കാറുണ്ട്. സര്‍ക്കാരും തുക അനുവദിക്കും. അതിനാല്‍ ചെലവുകള്‍ക്ക് സ്പോണ്‍സര്‍മാരെ കണെ്ടത്തേണ്ട ആവശ്യം ഇപ്പോഴില്ല.
കായികമേളയോടനുബന്ധിച്ച് നടക്കുന്ന മൂന്നുതരം പരിപാടികള്‍ക്ക് വെവ്വേറെ ക്ഷണക്കത്ത് അച്ചടിച്ചതില്‍ യാതൊരു അപാകതയുമില്ല. ഉദ്ഘാടനം, രാത്രി ഭക്ഷണവിരുന്ന്, സാംസ്കാരിക സായാഹ്നം എന്നിവയ്ക്കാണ് ക്ഷണക്കത്തുകള്‍. മൂന്നിലും പങ്കെടുക്കേണ്ടവര്‍ വ്യത്യസ്തരായതിനാല്‍ ഒരു ക്ഷണക്കത്ത് അച്ചടിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പോലീസുമായി ബന്ധമുള്ള പ്രസുകാര്‍ കുറഞ്ഞ നിരക്കിലാണ് ഇവ അച്ചടിച്ചതെന്നും അസി. കമ്മീഷണര്‍ പറഞ്ഞു. ഭരണമാറ്റത്തെ തുടര്‍ന്ന് പോലീസ് അസോസിയേഷന് നേതൃത്വത്തിലുണ്ടായ മാറ്റമാണ് ധൂര്‍ത്ത് വിവാദത്തിനു പിന്നിലെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.
മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍ നാളെ രാവിലെ മത്സരങ്ങള്‍ക്കു തുടക്കമാകും. വൈകിട്ട് നാലിനു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഒളിമ്പ്യന്‍ പി.ടി. ഉഷയും 22ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാഥിതികളായി പങ്കെടുക്കും.