ബൈക്കിലെത്തി വീട്ടമ്മയുടെ ബാഗ് തട്ടിയെടുത്ത സംഭവം: പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും

ktm-arrestചങ്ങനാശേരി: ബൈക്കിലെത്തി മോഷണം പതിവാക്കിയ രണ്ടു പേരെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. വാഴപ്പള്ളി മോര്‍ക്കുളങ്ങര ഭാഗത്ത് കല്ലുകുളം വീട്ടില്‍ സബിതാമേരി തോമസിന്റെ ബാഗ് പിടിച്ചുപറിച്ച് 15,000 രൂപയും എടിഎം കാര്‍ഡും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. അസംപ്ഷന്‍ കോളജിനടുത്തുള്ള റൂബി നഗര്‍ പോസ്റ്റോഫീസിനു സമീപത്തായിരുന്നു സംഭവം.

പനച്ചിക്കാട് പാത്താമുട്ടത്ത് വാടകയ്ക്കു താമസിക്കുന്ന നാട്ടകം മൂലവട്ടം സ്വദേശി ജിഷ്ണു (20) നാട്ടകം പന്നിമറ്റം സ്വദേശി സാംസണ്‍ പീറ്റര്‍ (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ചങ്ങനാശേരി അസംപ്ഷന്‍ കോളജ് റോഡിലൂടെ വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയുടെ പിറകെ ബൈക്കില്‍ എത്തി തോളത്ത് തൂക്കിയിരുന്ന ബാഗു തട്ടിപ്പറിക്കുകയായിരുന്നു.

വീട്ടമ്മ ബഹളംവച്ചെങ്കിലും അക്രമികള്‍ ബൈക്ക് അമിതവേഗത്തില്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ മനസ്സിലാക്കിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പി കെ. ശ്രീകുമാര്‍, സിഐ സക്കറിയ മാത്യു, എസ്‌ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts