പാവറട്ടി: സെന്റ് ജോസഫ്‌സ് തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ 140-ാമതു മധ്യസ്ഥ തിരുനാളിനു വര്‍ണാഭമായ ചടങ്ങുകളോടെ കൊടിയേറ്റി. രാവിലെ തീര്‍ഥകേന്ദ്രത്തിനു മുന്നിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലെ ദിവ്യബലിക്കുശേഷം അതിരൂപത വികാരി ജനറല്‍ മോണ്‍. തോമസ് കാക്കശേരി കൊടിയേറ്റത്തിനു മുഖ്യകാര്‍മികത്വം വഹിച്ചു. തീര്‍ഥകേന്ദ്രം വികാരി ഫാ. ജോ ണ്‍സണ്‍ അരിമ്പൂര്‍, സഹ വികാരി ഫാ. സഞ്ജയ് തൈക്കാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായി. അസിസ്റ്റന്റ് വികാരി ഫാ. ഫിജോ ആലപ്പാട്ട്, ഫാ. ടോണി വാഴപ്പിള്ളി, ട്രസ്റ്റിമാരായ ഇ.എല്‍. ജോയ്, സി.എ. സണ്ണി, പി.ഐ. ഡേവീസ്, അഡ്വ. ജോബി ഡേവിഡ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
കണ്‍വീനര്‍ വി.ജെ. വര്‍ഗീസ്, ജോയിന്റ് കണ്‍വീനര്‍ എഗ്്മന്റ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പബ്ലിസിറ്റി കമ്മിറ്റി വര്‍ണ ബലൂണുകള്‍ പറത്തിയത് കൊടിയേറ്റ ചടങ്ങ് മനോഹരമാക്കി. തുടര്‍ന്നു വെടിക്കെട്ടും നടന്നു. തുടര്‍ന്ന് പള്ളിനടയില്‍ നിന്നും വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ പ്രദക്ഷിണമായി ദേവാലയത്തിലെത്തി വാഴ് വും തിരുശേഷിപ്പ് വന്ദനവും നടന്നു. ഇതോടെ തിരുനാളിന് ഒരുക്കമായി നവനാള്‍ ആചരണവും നടന്നു. സമര്‍പ്പിത സംഗമം നടന്നു.
തീര്‍ഥകേന്ദ്രത്തില്‍ ഇന്നലെ സമര്‍പ്പിതരുടെ ദിനമായി ആചരിച്ചു. വൈകിട്ട് അഞ്ചിനുള്ള ദിവ്യബലിയ്ക്കും നൊവേനയക്കും ഫാ. ക്രിസ്റ്റോണ്‍ പെരുമാട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്ന് മാതാപിതാക്കളുടെ ദിനമായി ആചരിക്കും. ഫാ. ജിയോമോന്‍ കല്ലേരി തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. 15ന് രാത്രി 7.30ന് ദേവാലയ ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മവും തുടര്‍ന്ന് ഇടവയിലെ ഇലക് ട്രിക്കല്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ കരിമരുന്ന് കലാപ്രകടനവും, തെക്ക് ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാന്‍ഡ് വാദ്യമത്സരവും അരങ്ങേറും. 16,17 ദിവസങ്ങളിലാണ് പ്രസിദ്ധമായ പാവറട്ടി തിരുന്നാള്‍ ആഘോഷിക്കുന്നത്.