പയ്യന്നൂര്‍: മനുഷ്യജീവനു ഹാനികരമാകും വിധത്തിലുള്ള മരുന്നുചേരുവകള്‍ നിരോധിച്ചുള്ള കേന്ദ്രസര്‍ക്കാറിന്റെ നടപടി പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കരുതെന്നു കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ (കെപിപിഎ) പയ്യന്നര്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പല ഡോക്ടര്‍മാരും നടത്തിവരുന്ന സ്വകാര്യ ക്ലിനിക്കുകളില്‍ ആവശ്യമായ പരിശീലനമോ പരിജ്ഞാനമോ ഇല്ലാത്തവരാണു മരുന്നുകള്‍ കൈകാര്യം ചെയ്യുന്നത്. നിശ്ചിത അളവിലും സമയത്തും രീതിയിലും കഴിച്ചെങ്കില്‍ മാത്രമേ മരുന്നിന്റെ ഫലമുണ്ടാകുകയുള്ളുവെന്നും അത്താത്തപക്ഷം മരുന്ന് വിഷസമാനമായി മാറുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
അതിനാല്‍ സ്വകാര്യ ക്ലിനിക്കുകളില്‍ യോഗ്യരായ ഫാര്‍മസിസ്റ്റുകളെ നിയമിക്കണം.അശാസ്ത്രീയമായ ചേരുവകളോെട നിര്‍മിച്ചു വില്പന നടത്തിയിരുന്ന മരുന്നുകള്‍ നിരോധിച്ച സര്‍ക്കാര്‍ മറ്റു പരിശോധനകള്‍ നടത്താത്തതിനാല്‍ പല സ്ഥലങ്ങളിലും ഇവയുടെ വില്‍പ്പന ഇപ്പോഴും തുടരുന്നുണ്ടെന്നു സമ്മേളനം ചൂണ്ടിക്കാണിച്ചു.
ചികിത്സക്കായി ഡോക്ടറെ സമീപിക്കുന്ന രോഗികളുടെ ജീവനുപോലും ഭീഷണിയായി മാറുന്ന ഇത്തരം അവസ്ഥകള്‍ക്കെതിരേ ശക്തമായ നടപടികളെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഗോകുല്‍ദാസിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം പയ്യന്നൂര്‍ നഗരസഭാധ്യക്ഷന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി. പങ്കജാക്ഷന്‍, എം.വി. നന്ദന്‍, പി.വി. രാജന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എ.പി.റഷീദ് (പ്രസിഡന്റ്), പി.വി. ഷീബ (സെക്രട്ടറി), പി.വി. രാജന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.