പഴയങ്ങാടി: കാലവര്‍ഷം ശക്തമാകുന്നതിനു മുമ്പുതന്നെ മാടായി, മാട്ടൂല്‍ പഞ്ചായത്തുകളിലെ തീരദേശമേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. മാടായി പഞ്ചായത്തിലെ നീരൊഴുക്കുംചാല്‍, പുതിയവളപ്പ്, ചൂട്ടാട്, പുതിയങ്ങാടി എന്നിവിടങ്ങളിലും മാട്ടൂല്‍ പഞ്ചായത്തിലെ കക്കാടന്‍ചാല്‍, അരിയില്‍ചാല്‍, കോല്‍ക്കാരന്‍ചാല്‍ എന്നിവിടങ്ങളിലും കടലാക്രമണം ശക്തമാണ്. കടല്‍ഭിത്തി ഇല്ലാത്ത ഈ ഭാഗങ്ങളില്‍ 100 മീറ്ററോളം നീളത്തില്‍ തിരകള്‍ കരയെടുത്തു.
നിരവധി തെങ്ങുകള്‍ കടപുഴകി. തീരദേശറോഡ് പൂര്‍ണമായും തകര്‍ന്നു. വീടുകളിലെ കിണറുകള്‍ പലതും ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമായി. കടലാക്രമണം മുന്‍വര്‍ഷത്തേക്കാള്‍ രൂക്ഷമായതു തീരദേശവാസികളില്‍ പരിഭ്രാന്തി ഉളവാക്കിയിട്ടുണ്ട്. സുനാമി ദുരിതബാധ പ്രദേശങ്ങളിലെ തകര്‍ന്ന കടല്‍ഭിത്തി പുനര്‍നിര്‍മിച്ചു ജീവനും സ്വത്തിനും സംരക്ഷണമേര്‍പ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു തീരദേശവാസികള്‍ പറഞ്ഞു.