മാലിന്യം നിറഞ്ഞ പാറമടയിലെ വെള്ളം കൊച്ചിനഗരത്തില്‍ വിറ്റഴിക്കുന്നു

ekm-waterകോലഞ്ചേരി: മാലിന്യവാഹിനിയായ ശാസ്താംമുഗള്‍ പാറമടയിലെ വെളളം കൊച്ചിനഗരത്തില്‍ കുടിവെള്ളമായി വിറ്റഴിക്കുന്നതായി പരാതി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തെ ശാസ്താംമുഗള്‍ പാറമടയിലെ മാലിന്യം കലര്‍ന്ന വെള്ളമാണ് കുടിവെള്ളമാഫിയ വിറ്റു പണമാക്കുന്നത്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതെ കിടക്കുന്ന പാറമട ഇപ്പോള്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്. ദേശീയപാതയ്ക്ക് ഭീഷണിയായതിനാല്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് റോഡ് നിരപ്പില്‍നിന്നു ഏകദേശം എണ്ണൂറടിയോളം താഴ്ചയുള്ള പാറമാടയുടെ പ്രവര്‍ത്തനം നിലച്ചത്. അഞ്ചേക്കറോളം വരുന്ന പാറമടയാണ് ശാസ്താംമുകളിലേത്. മഴവെളളം കെട്ടിനിന്നും സ്വഭാവിക ഉറവയില്‍ നിന്നും സമൃദ്ധമായ വെളളം പാറമടയില്‍ നിറഞ്ഞതോടെയാണ് കുടിവെള്ളമാഫിയ ഇവിടേക്ക് എത്തിയത്. മൂന്നു ഫില്‍ട്ടറുകള്‍ സ്ഥാപിച്ച് ശുദ്ധീകരിച്ച വെള്ളമെന്ന വ്യാജേനയാണ് ഇവിടെനിന്നു വെള്ളം വിറ്റഴിക്കുന്നത്.

പഞ്ചനക്ഷത്ര ഹോട്ടലുകളും ഫ്‌ളാറ്റുകളുമടക്കം ഡസന്‍കണക്കിനു സ്ഥാപനങ്ങളാണ് വെള്ളത്തിന്റെ ഉപഭോക്താക്കള്‍. പ്രതിദിനം രണ്ടു ലക്ഷം ലിറ്റര്‍ വെളളം ഇവിടെ നിന്നു കയറിപോകുന്നതായാണ് കണക്ക്. ആയിരം ലിറ്റര്‍ വെളളത്തിന് അറുനൂറ് രൂപ നിരക്കിലാണ് വില്‍പന. ഗുരുതരമായ രാസമാലിന്യങ്ങളുടെ കേന്ദ്രമാണ് ഈ പാറമടയിലെ വെളളം. നിറയെ വെളളമുളള പാറമടയുടെ ഭീകരത സഞ്ചാരികളേയും സിനിമാ ഷൂട്ടിംഗ്് സംഘങ്ങളേയും ഇങ്ങോട്ടേക്കാകര്‍ഷിക്കുന്നുണ്ട്.

മണ്ഡലത്തിനകത്തുനിന്നും പുറത്തുനിന്നും രാത്രി കാലങ്ങളില്‍ കക്കൂസ് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അറവു മാലിന്യങ്ങളും ഇവിടെ തളളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ ഇവിടെ കാണപ്പെടുന്ന അഞ്ജാത മൃതദേഹങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ചു മൃതദേഹങ്ങളാണ് അഴുകിയ നിലയില്‍ ഈ വെളളത്തില്‍ കണ്ടെത്തിയത്. ഇങ്ങനെ മാലിന്യ വാഹിനിയായ വെളളമാണ് ശുദ്ധജലമെന്ന പേരില്‍ കൊച്ചി നഗരത്തിലെ നൂറുകണക്കിനു ഹോട്ടലുകള്‍ അടക്കമുളള സ്ഥാപനങ്ങളില്‍ വിറ്റഴിക്കുന്നത്.

ആക്ഷേപമുയര്‍ന്നതോടെ വെള്ളം ശുചീകരിക്കാനെന്ന പേരില്‍ രണ്ടു ഫില്‍റ്റര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതു പ്രഹസനമാണെന്നാണ് സമീപവാസികളുടെ ആക്ഷേപം. കുടിവെളള ക്ഷാമം ആരംഭിച്ചതോടെ തിരുവാണിയൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ തോടുകളില്‍നിന്നും കുളങ്ങളില്‍നിന്നും യാതൊരു പരിശോധനയുമില്ലാതെയാണ് കൊച്ചി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലേക്ക് വെള്ളം കയറ്റി പോകുന്നത്. ശാസ്താംമുഗള്‍ പാറമടയ്ക്ക് പുറമേ ദേശീയപാതയോരത്ത് മറ്റക്കുഴി, തിരുവാണിയൂര്‍, കുംഭപിളളി, പുത്തന്‍കുരിശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം കുടിവെള്ളമാഫിയ വെളളമൂറ്റുന്നുണ്ട്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ആശങ്കയുയര്‍ത്തുന്നുണ്ട്.

Related posts