ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് മാലിന്യങ്ങള്‍ കുന്നുകൂടുന്നു. മഴക്കാലം ആരംഭിച്ചിട്ടും ആശുപത്രിയില്‍നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍ സംസ്ക്കരിക്കാതെ വിവിധ ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. ആശുപത്രിയിലെ സ്റ്റാഫ് കാന്റീന് സമീപമാണ് വന്‍തോതില്‍ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. മാസങ്ങള്‍ പഴക്കമുള്ള ടണ്‍ കണക്കിന് മാലിന്യമാണ് ഇവിടെ കൂടിക്കിടക്കുന്നത്. ആശുപത്രിയില്‍നിന്നു പുറന്തള്ളുന്ന മരുന്നു കുപ്പികള്‍, സിറിഞ്ച്, ഐപി ട്യൂബ്, ഗ്ലൗസ്, മുറിവുകളില്‍ വച്ചുകെട്ടിയ തുണി അടക്കം ശസ്ത്രക്രിയ തീയേറ്ററില്‍ നിന്നുള്ള മലിന്യങ്ങളും വന്‍തോതില്‍ പ്ലാസ്റ്റിക്ക് കൂടില്‍കെട്ടി നിക്ഷേപിച്ചിരിക്കുകയാണ്.
ഇതിനു തൊട്ടടുത്താണ് ആശുപത്രിയിലെ ജീവനക്കാരും ആയിരക്കണക്കിന് രോഗികളും ഭക്ഷണം കഴിക്കുന്ന സ്റ്റാഫ് കാന്റീനും കോഫി ഫൗസും പ്രവര്‍ത്തിക്കുന്നത്. കാന്റീനോട് ചേര്‍ന്നുള്ള ഇടനാഴികയിലുടെയാണ് രോഗികളും ജീവനക്കാരും ഭക്ഷണ കഴിക്കാന്‍ പോകുന്നത്. ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഗൈനക്കോളി വിഭാഗത്തിന്റെ താഴെയുള്ള തുറസായ സ്ഥലത്തും മാലിന്യ നിക്ഷേപം നടക്കുന്നുണ്ട്. ഇവിടെ ആശുപത്രിയില്‍നിന്നു പുറന്തള്ളുന്ന മലിനജലവും ഒഴുകിയെത്തുന്നുണ്ട്. ആയിരക്കണക്കിനു രോഗികള്‍ കിടത്തി ചികില്‍സയിലുള്ള മെഡിക്കല്‍ കോളജില്‍ മാലിന്യ സംസ്കരണത്തിന് പ്രത്യേകം സംവിധാനങ്ങളില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മാലിന്യങ്ങള്‍ കാക്കയും മറ്റു പക്ഷിമൃഗാദികളും കൊത്തിവലിച്ച് സമീപത്തെ കുടിവെള്ള സ്രോതസുകളിലും കിണറുകളിലും നിക്ഷേപിക്കുന്നതും പതിവാണ്. ഏതാനും മാസം മുമ്പ് ആശുപത്രിയില്‍നിന്നുള്ള മാലിന്യം സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ സമീപത്തായി നിക്ഷേപിച്ചത് വലിയ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. മഴ ആരംഭിച്ചതോടെ മാലിന്യങ്ങളില്‍ നിന്നുള്ള രോഗാണുക്കള്‍ ഒഴുകിയെത്താന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികളായ ജനങ്ങള്‍ ഭീതിയിലാണ്. 2004ല്‍ ആശുപത്രിയിലും പരിസര പ്രദേശത്തും മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചിരുന്നു.
ആശുപത്രിയില്‍ നിന്നും പുറന്തള്ളുന്ന മലിനജലം ശേഖരിക്കുന്ന പ്ലാന്റ് പൊട്ടിയൊഴുകിയാണ് രോഗബാധയ്ക്കു കാരണമെന്ന് പുനൈ വയറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നെത്തിയ വിദഗ്ദ്ധ സംഘം കണ്ടെത്തിയിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യ സംസ്കരണത്തില്‍ വലിയ അപകാതകള്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ കോട്ടയം ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാലിന്യ സംസ്കരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആശുപത്രി അധികൃതര്‍ക്ക് കളക്ടര്‍ ശക്തമായ നിര്‍ദ്ദേശവും നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ മാലിന്യ സംസ്കരണത്തിന് ക്രമീകരണങ്ങള്‍ വരുത്താന്‍ ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിട്ടുണെന്ന് ആശുപത്രിവൃത്തങ്ങള്‍ പറയുന്നു.