മാഹിയിലെ അതിര്‍ത്തിയില്‍ പരിശോധന തുടങ്ങി; മദ്യം മണത്ത് കണ്ടുപിടിക്കാന്‍ രാശിയും

KNR-DOGമാഹി: മാഹിയില്‍ നിന്ന് ഓണക്കാലത്ത് കേരളത്തിലേക്കുള്ള മദ്യത്തിന്റെ ഒഴുക്ക് തടയാന്‍ കേരളാ പോലീസും എക്‌സൈസും അതിര്‍ത്തികളില്‍ പരിശോധന തുടങ്ങി. പോലീസ് നായയും പരിശോധനയ്ക്കുണ്ട്. പയ്യോളി പോലീസ് സ്‌റ്റേഷനിലെ പോലീസ് നായ രാശിയെയാണ് എസ്‌ഐ ഇ.കെ. രാജന്‍, ഡോഗ് ഹാന്‍ഡ്‌ലര്‍മാരായ സന്തോഷ്, റജീഷ് എന്നിവരോടൊപ്പം അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ മദ്യക്കടത്ത് പിടികൂടാന്‍ എത്തിയിട്ടുള്ളത്. മദ്യത്തിന്റെ മണം പിടിക്കാനുള്ള പ്രത്യേക പരിശീലനം തൃശൂര്‍ പോലീസ് അക്കാദമി ട്രെയിനിംഗ് സെന്ററില്‍നിന്ന് നായയ്ക്ക് നല്‍കിയിട്ടുണ്ടെന്നു പയ്യോളി എസ്‌ഐ ഇ.കെ. രാജന്‍ പറഞ്ഞു.

വാഹന പരിശോധനയ്ക്കിടെ വാഹനത്തില്‍ പ്രത്യേക അറകളുണ്ടാക്കിയുള്ള മദ്യക്കടത്ത് പിടികൂടുമെന്ന് അഴിയൂര്‍ ചെക്ക്‌പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ സി.പി. വേണു പറഞ്ഞു. മിക്ക കടത്തുകാരും പോലീസ് നായയുടെ പരിശോധനയുള്ളതിനാല്‍ മദ്യം കൊണ്ടുപോകാന്‍ മടിക്കുന്നതിനാല്‍ കടത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ കീഴിലുള്ള അഴിയൂര്‍ ചെക്ക്‌പോസ്റ്റ് ഭാഗങ്ങളില്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സ്, ഫഌയിംഗ് സ്ക്വാഡും എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ പി.കെ. സുരേഷ് ഒരു കുപ്പി മദ്യം പോലും കടത്താന്‍ അനുവദിക്കരുതെന്ന നിര്‍ദേശവും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 18 വരെ കര്‍ശന പരിശോധന തുടരുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, നാലു സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് അഴിയൂര്‍ ചെക്ക്‌പോസ്റ്റില്‍ 24 മണിക്കൂര്‍ സേവനത്തിലുള്ളത്. തലശേരി എക്‌സൈസ് റേഞ്ചിന്റെ പരിധിയിലുള്ള ന്യൂമാഹി ചെക്ക് പോസ്റ്റിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളായ കോപ്പാലം, മാക്കുനി എന്നിവിടങ്ങളിലും മദ്യക്കടത്ത് തടയാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. അതേസമയം പുതുച്ചേരിയില്‍നിന്ന് മാഹിയിലേക്ക് വരുന്ന മദ്യ പെര്‍മിറ്റ് ലോഡുകളും കുറഞ്ഞിട്ടുണ്ട്.

Related posts