കളമശേരി: കൊച്ചി മെട്രോയുടെ കരാര്‍ നിര്‍മ്മാണ സ്ഥാപനത്തില്‍ നിന്നും 88.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ജീവനക്കാരനായ പ്രതിയെ കളമശേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ടേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കൊച്ചി മെട്രാ നിര്‍മ്മാണ കരാറുകാരായ എല്‍ ആന്‍ഡ് ടിയിലെ കാഷ്യറായിരുന്ന തിരുവനന്തപുരം കണ്ണന്മൂല സരസാലയം വീട്ടില്‍ വിനോദ് ഒ.നായരാണ് (33) അറസ്റ്റിലായത്.
കഴിഞ്ഞ മെയ് മാസം ചെക്ക് എഴുതി തുക കൈക്കലാക്കിയ ശേഷം വിദേശത്തേക്ക് കടന്നിരുന്നു. മെയ് രണ്ടാം തിയതിക്കും അഞ്ചിനുമിടയിലാണ് പ്രതി ചെക്ക് മാറിയെടുത്ത്. കമ്പനി ഏഴിന് പരാതി നല്കിയപ്പോഴേയ്ക്കും വിനോദ് ഇന്ത്യ വിട്ടിരുന്നു.ഇതിനെ തുടര്‍ന്ന് കമ്പനിയുടെ പരാതിയില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തായ്ലന്റ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ തങ്ങിയ ശേഷം പ്രതി ദുബായിലേക്ക് കടക്കാന്‍ വേണ്ടി കഴിഞ്ഞ ദിവസം നേപ്പാളില്‍ നിന്ന് ബസില്‍ ബാംഗ്ലൂരിലെ വിമാനത്താവളത്തിലെത്തി. അവിടെ വച്ച് പിടിയിലാവുകയും കളമശേരി പോലീസിന് കൈമാറുകയുമായിരുന്നു.
80 ലക്ഷം രൂപ കടം വീട്ടാനും മറ്റുമായി ഉപയോഗിച്ചെന്നാണ് വിനോദ് പോലീസിനോട് പറഞ്ഞത്. വിനോദിന്റെയും സുഹൃത്തിന്റെയും രണ്ട് ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് കമ്പനി അക്കൗണ്ടില്‍ നിന്ന് തുക മുഴുവന്‍ പിന്‍വലിച്ചത്. ഒന്‍പത് ലക്ഷം രൂപയുടെ അക്കൗണ്ട് നേരത്തെ പോലീസ് മരവിപ്പിച്ചിട്ടുണ്ട്.