ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലെ മൊബൈല്‍ ഫോണുകളില്‍ പ്രാദേശിക ഭാഷകള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് വിദേശഭാഷകള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് തടയുന്നതിനാണിത്. അടുത്ത വര്‍ഷം ജൂലൈ ഒന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
പുതിയ ഉത്തരവു പ്രകാരം ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്കു പുറമേ വില്‍ക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷകളും വായിക്കാന്‍ കഴിയുന്ന തരത്തിലാകണം ഫോണുകളുടെ നിര്‍മാണം. സ്മാര്‍ട്ട് ഫോണുകള്‍ക്കും ഫീച്ചര്‍ ഫോണുകള്‍ക്കും ഇത് ബാധകമാണ്.
കോടിക്കണക്കിനു ജനങ്ങള്‍ക്ക് പ്രാദേശികഭാഷകളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ ഈ നടപടി അവസരം ഒരുക്കുകയാണ്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍പ്പെട്ട ഈ നടപടി ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് യാഥാര്‍ഥ്യമായതെന്ന് ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന് ദേശീയ ആധ്യക്ഷന്‍ പങ്കജ് മോഹീന്ദ്രോ പറഞ്ഞു.