യൂറോപ്യന്‍ യൂണിയന്‍ – ടര്‍ക്കി ചര്‍ച്ചകള്‍ ഫലമണിഞ്ഞു

europeബ്രസല്‍സ് : അഭയാര്‍ഥിപ്രവാഹം തടയണമെന്ന ലക്ഷ്യത്തോടെ യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുകൂട്ടരും ധാരണയായി. ഇതനുസരിച്ചു തുര്‍ക്കിയില്‍നിന്നു ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തിരിച്ചയക്കുകയും ഏതു രാജ്യത്തില്‍നിന്നു വരുന്നുവോ അതാതു രാജ്യത്തേയ്ക്ക് കയറ്റി വിടുന്നതിനുമുള്ള സഹായം ചെയ്തു കൊടുക്കുമെന്നും യൂണിയനും തുര്‍ക്കിയും തമ്മില്‍ ഉണ്ടാക്കിയ ധാരണയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബ്രസല്‍സില്‍ നടന്ന ചര്‍ച്ചയില്‍ പൂര്‍ണതോതില്‍ വ്യക്തത ഉണ്ടാക്കാനായില്ലെങ്കിലും കരടുരൂപത്തിനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക്ക്, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, തുര്‍ക്കി പ്രധാനമന്ത്രി അഹമ്മദ് ദവുതുലോ, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ഷുള്‍സ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഈ മാസം 17, 18 തീയതികളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഭൂരിപക്ഷാഭിപ്രായം മാനിച്ച് കരാറാക്കുമെന്നാണ് ഇപ്പോഴത്തെ നിലപാട്. തുര്‍ക്കിയിലുള്ള സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ യൂണിയന്‍ സഹായിക്കും. തുര്‍ക്കി പൗരന്മാര്‍ക്കയ യൂറോപ്പിലുടനീളം വിസാരഹിത യാത്രാ സഞ്ചാര അനുമതി 2016 ജൂണ്‍ മുതല്‍ നടപ്പിലാക്കും.

മുമ്പ് നല്‍കാന്‍ ധാരണയായ മുന്നു ബില്യന്‍ യൂറോ എത്രയും വേഗം കൊടുക്കാന്‍ നടപടി സ്വീകരിക്കുന്നതിനു പുറമെ തുര്‍ക്കിയുടെ ഇയു പ്രവേശനത്തിന്റെ കാര്യത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

എന്നാല്‍ ഈ ധാരണയെ വിമര്‍ശിച്ചുകൊണ്ട് യുഎന്‍ രംഗത്തു വന്നിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാന നിയമങ്ങളെ അട്ടിമറിക്കുന്നതാണ് ഈ ധാരണയെന്ന് യുഎന്‍ പറയുന്നു.

അഭയാര്‍ഥികളുടെ ജീവിതം തുര്‍ക്കിയില്‍ കച്ചവടമാകുന്നു

വിവിധ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ യൂറോപ്യന്‍ യൂണിയനിലേക്കു കടക്കുന്നതു തടയാന്‍ തുര്‍ക്കി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത് ആറു ബില്യന്‍ യൂറോയാണ്. സര്‍ക്കാര്‍ മാത്രമല്ല, നാട്ടിലെ കച്ചവടക്കാരും അഭയാര്‍ഥികളുടെ ജീവനു വില പറഞ്ഞു പണം വാങ്ങുന്നു.

രാജ്യത്തെ പ്രധാന കച്ചവട വസ്തുക്കളിലൊന്ന് ലൈഫ് ജാക്കറ്റുകളാണിപ്പോള്‍, കടല്‍മാര്‍ഗം ലക്ഷ്യങ്ങളിലേക്കു പോകാന്‍ തയാറെടുക്കുന്നവര്‍ക്ക് ഇവ വിറ്റ് പണം വാരുകയാണ് തുര്‍ക്കിയിലെ കച്ചവടക്കാര്‍. വഴിയോര കച്ചവടങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് ഇതേ ഉത്പന്നം തന്നെ.

ഈജിയന്‍ തുറമുഖ നഗരത്തില്‍ റോഡുകളുടെ ഇരുവശവും നിറയെ ലൈഫ് ജാക്കറ്റ് കച്ചവടക്കാര്‍ തന്നെ. തുര്‍ക്കി തീരത്തിനടുത്ത് അഭയാര്‍ഥികള്‍ മുങ്ങി മരിക്കുന്നതു പതിവായ സാഹചര്യത്തിലാണ് ഈ കച്ചവട സാധ്യത ഇവിടെ തിരിച്ചറിയപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts