ബോളിവുഡിലെ ചോക്ലേറ്റ് നായകന് രണ്‍ബീര്‍ കപൂറിനെ പുകഴ്ത്തി ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ. രണ്‍ബീറും അനുഷ്കയും ഐശ്വര്യറായിയും ഒന്നിച്ച യേ ദില്‍ ഹേ മുഷ്കില്‍ പ്രദര്‍ശനവിജയം നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിലെ നായകന് രണ്‍ബീറിനെക്കുറിച്ച് നായികമാരില്‍ ഒരാളായ അനുഷ്ക ശര്‍മ പുകഴ്ത്തി സംസാരിച്ചിരിക്കുന്നത്.
രണ്‍ബീര്‍ കഴിവുള്ള നടനാണ്. കുറേ നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിനായി. റോക്കറ്റ് സിംഗ് സെയില്‍സ് മാന്‍ ഓഫ് ദി ഇയര്‍, രാജ്നീതി, ബര്‍ഫി തുടങ്ങിയ ചിത്രങ്ങളിലെല്ലാം രണ്‍ബീറിന്റെ നടനവിസ്മയം നമ്മള് കണ്ടതാണ്. യുവനായകന് എന്ന നിലയില്‍ രണ്‍ബീറിനു കുറേ നല്ല അവസരങ്ങള്‍ ബോളിവുഡില്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ബോക്സോഫീസില്‍ ചലനങ്ങള്‍ സൃഷ്ടിച്ചവയാണ്-അനുഷ്ക പറയുന്നു.
ഇതു രണ്ടാം തവണയാണ് രണ്‍ബീര്‍ ചിത്രത്തില്‍ അനുഷ്ക അഭിനയിക്കുന്നത്. നേരത്തേ ബോംബെ വെല്‍വറ്റില്‍ രണ്‍ബീറും അനുഷ്കയും ഒന്നിച്ചിട്ടുണ്ട്. ദീപാവലി ചിത്രമായി പ്രദര്‍ശനത്തിനെത്തിയ യേ ദില്‍ ഹേ മുഷ്കില്‍ പ്രദര്‍ശനവിജയം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ ആദ്യ രണ്ടു ദിവസത്തെ കളക്ഷന്‍ 26.40കോടിയാണ്. ദീപാവലി ദിവസമായിരുന്ന ശനിയാഴ്ച മാത്രം 13കോടി രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്.