ഉത്തമമായ രീതി ഹോം ഡയാലിസിസ് ആണ്, CAPD എന്നറിയപ്പെടുന്ന കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല് ഡയാലിസിസ്. രോഗിയുടെ ശരീരത്തില് വച്ചു തന്നെ നടക്കുന്ന ഒരു ശുദ്ധീകരണ പ്രക്രിയയാണിത്. ഈ പ്രക്രിയ നടക്കുന്നത് ഉദരത്തിനകത്തുള്ള പെരിട്ടോണിയല് കാവിറ്റിയിലാണ്.
പെരിട്ടോണിയം അഥവാ പെരിട്ടോണിയല് മെംബ്രെയിന് എന്നു വിളിക്കപ്പെടുന്ന ഒരു നേര്ത്ത സ്തരം ഉദരഭിത്തിയെയും ഉദരത്തിനുള്ളില് ഉള്ള അവയവങ്ങളെയും പൊതിയുന്നു. ഈ സ്തരം അര്ഥ പ്രവേശ്യമാണ് (Semi-permeable). അതായത് തന്നിലൂടെ ചില വസ്തുക്കളെ മാത്രമേ കടത്തിവിടുകയുള്ളൂ. അനേകം ചെറുദ്വാരങ്ങള് ഈ സ്തരത്തില് ഉണ്ട്. പാഴ് വസ്തുക്കളെ അരിച്ചു നീക്കാന് ഇത് സഹായിക്കുന്നു.
CAPD നടപടിക്രമം
ആശുപത്രിയില് വച്ചാണ് CAPD തുടങ്ങുന്നത്. ഇതിനായി ഒരു ട്യൂബ് (CAPD കത്തീറ്റര്) രോഗിയുടെ ഉദരഭിത്തി വഴി പെരിട്ടോണിയല് കാവിറ്റിയിലേക്ക് കടത്തുന്നു.ഇതിനായി മൂന്നുതരം ശസ്ത്രക്രിയ ഉണ്ട്.
1. തുറന്ന് ശസത്രക്രിയ (Open Surgery)
2. താക്കോല്ദ്വാര ശസ്ത്രക്രിയ (Keyhole Surgery)
3. Bedside ചെയ്യുന്ന പെര്ക്യൂട്ടേനിയസ് കത്തീറ്റര് ഇന്സേര്ഷന്
ഇതില് മൂന്നാമത് ഐ.സി.യുവില് വച്ച് നെഫ്രോളജിസ്റ്റ് തന്നെ തൊലിപ്പുറം മരവിപ്പിച്ച് ചെയ്യുന്ന ലളിതമായ ശസ്ത്രക്രിയയാണ്. ഇങ്ങനെ ചെയ്താല് തിയറ്റര് ചിലവും അനസ്തേഷ്യയുടെ ബുദ്ധിമുട്ടുകളും ഒഴിവാക്കാനാകും.
CAPD കത്തീറ്റര് ശരീരത്തില് വച്ചു പിടിപ്പിച്ചു കഴിഞ്ഞാല് ഏകദേശം പത്തു ദിവസത്തോളം ആശുപത്രിയില് നിന്ന് CAPD ചെയ്യുന്നതെങ്ങനെയെന്നുള്ള പരിശീലനം നേടേണ്ടി വരും. ഇതിനായി നെഫ്രോളജിസും പരിചയ സമ്പത്തുള്ള CAPD ടെക്നീഷ്യനും സഹായിക്കും.
(തുടരും)


