ലക്നോ: അമ്പത്തിയാറാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരങ്ങളുടെ മികവില്‍ റെയില്‍വേസിനു കിരീടം. ഇന്നലെ അവസാനിച്ച മീറ്റില്‍ 274 പോയിന്റുമായാണ് റെയില്‍വേസ് കിരീടത്തില്‍ മുത്തമിട്ടത്. രണ്ടാം സ്ഥാനത്തെത്തിയ സര്‍വീസസിന് 187 പോയിന്റുണ്ട്. 84 പോയിന്റുമായി ഒഎന്‍ജിസിയാണ് നാലാമത്. അതേസമയം, 78 പോയിന്റ് മാത്രം നേടിയ കേരളം നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
പ്രമുഖ താരങ്ങളെല്ലാം മറ്റ് സ്ഥാപനങ്ങള്‍ക്കു വേണ്ടി മത്സരിച്ചതാണ് കേരളം മങ്ങിയതിനു കാരണം. പുരുഷ വിഭാഗം ചാമ്പ്യന്മാര് സര്‍വീസസാണ്. അവര്‍ക്ക് 187 പോയിന്റുണ്ട്. റെയില്‍വേസ് 115 പോയിന്റോടെ രണ്ടാമതെത്തിയപ്പോള്‍ 30 പോയിന്റുള്ള കേരളമാണ് മൂന്നാമത്. വനിതാ വിഭാഗത്തില്‍ റെയില്‍വേസാണ് ചാമ്പ്യന്മാര്; 159 പോയിന്റ്. കര്‍ണാടക രണ്ടാമതും ഒഎന്‍ജിസി മൂന്നാമതുമെത്തി. മീറ്റിലെ മികച്ച പുരുഷ അത്ലറ്റായി സര്‍വീസസിന്റെ ട്രിപ്പിള്‍ ജംപ് താരം മല്‍കിത് സിംഗ് തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടകയുടെ സ്പ്രിന്റര്‍ എച്ച്.എം. ജ്യോതിയാണ് മികച്ച വനിതാ അത്ലറ്റ്.
മീറ്റിന്റെ അവസാനദിവസവും റെയില്‍വേസിനായിരുന്നു ആധിപത്യം. അതിനു നേതൃത്വം നല്‍കിയത് മലയാളികളും. വനിതകളുടെ 800 മീറ്ററില്‍ തനിക്ക് എതിരാളികളില്ലെന്നു തെളിയിച്ച പി.ടി. ഉഷയുടെ ശിഷ്യ ടിന്റു ലൂക്ക സ്വര്‍ണം നേടി. സമയം:2:03.21. റെയില്‍വേസിന്റെ സുഷമാ ദേവി വെള്ളി സ്വന്തമാക്കി. പി.ടി. ഉഷയുടെ തന്നെ ശിഷ്യ ഒഎന്‍ജിസിയുടെ അബിത മേരി മാനുവലിവാണ് വെങ്കലം. പുരുഷന്മാരുടെ 4–100 മീറ്റര്‍ റിലേയില്‍ കേരളം വെള്ളി നേടി. സര്‍വീസസിന്റെ എ ടീമിനാണ് സ്വര്‍ണം. സമയം 40.51 സെക്കന്‍ഡ്. വനിതാ വിഭാഗത്തില്‍ കര്‍ണാടക എ ടീം സ്വര്‍ണം നേടി. പുരുഷന്മാരുടെ 4–400 മീറ്റര്‍ റിലേയിലും സര്‍വീസസിനാണ് സ്വര്‍ണം. മണിപ്പൂരിനാണ് വെള്ളി. കേരളം അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. വനിതാ വിഭാഗത്തില്‍ ടിന്റു ലൂക്കയും സിനി ജോസും അടങ്ങിയ ടീം സ്വര്‍ണത്തില്‍ മുത്തമിട്ടു. വനിതകളുടെ ഹെപ്റ്റാത്തലണില്‍ മലയാളികളായ ലിക്സി ജോസഫും നിക്സി ജോസഫും റെയില്‍വേസിനായി യഥാക്രമം സ്വര്‍ണവും വെള്ളിയും പങ്കിട്ടു.
വനിതകളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ സിഞ്ജു പ്രകാശ് മികച്ച വ്യക്തിഗത പ്രകടനത്തോടെ വെങ്കലം നേടി. ഉയരം 3.60 മീറ്റര്‍. മലയാളിയായ റെയില്‍വേസ് താരം ഡിജയ്ക്കാണ് വെള്ളി. ഇരുവരും പാലാ ജംപ്സ് അക്കാഡമിയില്‍ സതീഷ്കുമാറിന്റെ കീഴിലാണ് പരിശീലനം. കര്‍ണാടകയുടെ ഖ്യാതിക്കാണ് സ്വര്‍ണം.
പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ റെയില്‍വേസിന്റെ മലയാളി താരം രഞ്ജിത് മഹേശ്വരി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 16.02 മീറ്റര്‍ മാത്രമാണ് രഞ്ജിത്തിനു കണ്ടെത്താനായത്. അതേസമയം, മിന്നല്‍ പ്രകടനത്തിലൂടെ സര്‍വീസസിന്റെ മല്‍കിത് സിംഗ് (16.57 മീറ്റര്‍) സ്വര്‍ണം നേടി. ഈ മാസമാദ്യം ബംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ 17.30 മീറ്റര്‍ കണ്ടെത്തിയ താരമാണ് രഞ്ജിത്. കര്‍ണാടകത്തിന്റെ എച്ച്.എം. ജ്യോതി സ്പ്രിന്റ് ഡബിള്‍ തികച്ചു. അതുപോലെ 10000 മീറ്ററിലും സ്വര്‍ണം നേടിയ സര്‍വീസസിന്റെ ജി. ലക്ഷ്മണും റെയില്‍വേസിന്റെ എല്‍. സൂര്യയും ഇരട്ട സ്വര്‍ണത്തിന് അര്‍ഹരായി. നേരത്തെ ഇരുവരും 5000 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു.