മൂവാറ്റുപുഴ:റോഡരികിലെ മെറ്റല്‍കൂന അപകടഭീഷണിയാകുന്നു. മുനിസിപ്പല്‍ പാര്‍ക്കിനു മുന്നില്‍ റോഡരികിലെ മെറ്റല്കൂനയാണ് അപകടഭീഷണിയായി മാറിയിരിക്കുന്നത്. പാര്‍ക്ക് നവീകരണവുമായി ബന്ധപ്പെട്ട് നാളുകളായി റോഡരികില്‍ മെറ്റല്‍ ഇറക്കിയിട്ട്. ഇതുമൂലം ദിവസവും അപകടങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറയുന്നു. ഏറ്റവും തിരക്കേറിയ റോഡിനോടു ചേര്‍ന്നാണ് മെറ്റല്‍ കൂട്ടിയിട്ടിരിക്കുന്നത്. മെറ്റല്‍ റോഡിലേക്ക് ചിതറിയോടെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കുമാണ് ഏറെയും ദുരിതം.
വിദ്യാര്‍ഥികളും വൃദ്ധരുമടക്കമുള്ളവര്‍ നടന്നുപോകുന്നതിനിടെ മെറ്റല്‍ തെന്നി മാറുന്നതിനാല്‍ റോഡിലേക്ക് വീണാണ് അപകടമുണ്ടാകുന്നത്. എതിരേ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. ലതാ തിയേറ്ററിനു മുന്നില്‍ ബസ് നിര്‍ത്തുന്നതിനാല്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ ബസിനെ മറികടക്കുന്നതിനിടെ എതിരേവരുന്ന ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിട്ട് പലപ്പോഴും മെറ്റല്‍കൂനയില്‍ ഇടിച്ചുകയറുന്നതും പതിവാണ്.
കഴിഞ്ഞ ദിവസം ദമ്പതികള്‍ സഞ്ചരിച്ചിരുന്ന മൈക്ക് മെറ്റല്‍കൂനയില്‍ കയറി നിയന്ത്രണം വിട്ട് മറിഞ്ഞെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. താരതമ്യേന വീതികുറഞ്ഞ റോഡരികിലാണ് നാലുലോഡോളം മെറ്റല്‍ ഇറക്കിയിരിക്കുന്നത്. അപകടകരമായ രീതിയില്‍ മെറ്റലുകള്‍ റോഡില്‍ ചിതറിക്കിടക്കുന്നതു സംബന്ധിച്ച് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതിനല്കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.