വടക്കഞ്ചേരി സര്‍ക്കാര്‍ കമ്യൂണിറ്റി കോളജിന് പുതുജീവന്‍

pkd-vadakkancheryവടക്കഞ്ചേരി: പുതിയ ബാച്ചിനുള്ള അനുമതി ലഭിക്കാതെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ കമ്യൂണിറ്റി കോളജിന് പുതുജീവന്‍. അടുത്ത അധ്യയനവര്‍ഷംമുതല്‍ പുതിയ ബാച്ച് ആരംഭിക്കുന്നതിനുള്ള ഉത്തരവു ലഭിച്ചതായി കോളജ് അധികൃതര്‍ പറഞ്ഞു. ഇതിന്റെ അവസാനവട്ട കത്തിടപാടുകള്‍ നടന്നുവരികയാണ്. പുതിയ ബാച്ചിലേക്കുള്ളവരുടെ പ്രവേശാനുമതി തടഞ്ഞതിനാല്‍ കഴിഞ്ഞവര്‍ഷം കോളജ് പ്രവര്‍ത്തിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് ദീപിക കഴിഞ്ഞ നവംബര്‍ 13ന് കോളജിലെ മെഷിനറികള്‍ ടാര്‍പായകൊണ്ട് മൂടികെട്ടിയതിന്റെ പടം സഹിതം പ്രാധാന്യത്തോടെ വാര്‍ത്ത നല്കിയിരുന്നു.

പിന്നീട് എ.കെ.ബാലന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ താത്പര്യമെടുത്താണ് കോളജ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനു പരിഹാരം കണ്ടത്.എല്ലാവര്‍ഷവും മേയ്മാസത്തിലാണ് പ്രവേശന പരീക്ഷ നടത്തി പ്രവേശനം നല്കിയിരുന്നത്. ഓരോവര്‍ഷവും തിരുവനന്തപുരത്തുള്ള പട്ടികജാതി വികസനവകുപ്പ്  ഓഫീസില്‍നിന്നാണ്  എന്‍ട്രന്‍സിന്റെ തീയതിയും പരീക്ഷാകേന്ദ്രവും മറ്റു വിവരങ്ങളും കാണിച്ചുള്ള കത്ത് വടക്കഞ്ചേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിനുസമീപം പ്രവര്‍ത്തിക്കുന്ന കോളജിനു വന്നിരുന്നത്.കഴിഞ്ഞവര്‍ഷം ഈ അനുമതി കത്ത് വന്നില്ല. കോളജിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ പഠിച്ചുവരികയായിരുന്നെന്നാണ് വിശദീകരണം ലഭിച്ചത്. 2012 ഫെബ്രവരിയിലാണ് സംസ്ഥാനത്തുതന്നെ ഇതാദ്യമായി ഇത്തരം ഒരു കോളജ് വടക്കഞ്ചേരിയില്‍ ആരംഭിച്ചത്.

ഇതിനകം മൂന്നു ബാച്ച് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ രാജ്യത്തും പുറത്തും നല്ല ജോലികളിലായി. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മെഷിനിസ്റ്റ് എന്ന രണ്ടുവര്‍ഷത്തെ കോഴ്‌സാണ് ഇവിടെ നടത്തുന്നത്. വാഹനനിര്‍മാണ കമ്പനികളില്‍ മെഷനിസ്റ്റ് എന്ന പോസ്റ്റിലാണ് കൂടുതല്‍ പേര്‍ക്കും ജോലി ലഭിച്ചിട്ടുള്ളത്.ലെയ്ത്ത്, ഡ്രില്ലിംഗ് തുടങ്ങിയവയാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തുന്നത്. പത്താംക്ലാസാണ് അടിസ്ഥാന യോഗ്യത. ഇരുപതു സീറ്റാണ് ഒരു ബാച്ചിലുള്ളത്.

ഇതില്‍ 16 സീറ്റ് എസ്്‌സി വിഭാഗത്തിനും രണ്ടു സീറ്റ് എസ്ടി വിഭാഗത്തിനും രണ്ടു സീറ്റ് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മറ്റു വിഭാഗങ്ങള്‍ക്കുമായാണ് സംവരണം ചെയ്തിട്ടുള്ളത്.രണ്ടു കോടിയില്‍പരം രൂപ വിലമതിക്കുന്ന ആധുനിക മെഷിനറികളാണ് ഇവിടെയുള്ളത്. വാടകക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളജിന് ഇനി സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാകണം. ഇതിനായി ടൗണിനടുത്ത് മണ്ണാംപറമ്പില്‍ രണ്ടരയേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും തുടര്‍നടപടി പൂര്‍ത്തിയായിട്ടില്ല.

Related posts