വമ്പുകാട്ടാന്‍ കൊമ്പന്മാര്‍

sp-blastersഫുട്‌ബോള്‍ കളിക്കുവാന്‍ ആര്‍ക്കും സാധിക്കും. പക്ഷെ കാല്‍പ്പന്ത് ഒരു വികാരമായി ഉള്‍ക്കൊണ്ട് കളിക്കുന്നവരും കളികാണുന്നവരും ഒരേ മനസോടെ തോല്‍വിയും വിജയവും ഏറ്റുവാങ്ങുന്നിടത്താണ് ഫുട്‌ബോള്‍ എന്ന മത്സരം അനശ്വരമാകുന്നത്. രണ്ടു സീസണുകളിലായി കാലുകൊണ്ടും ഹൃദയംകൊണ്ടും ഫുട്‌ബോള്‍ കളിക്കുന്ന ഒരേയൊരു ടീമേ ഐഎസ്എലിലുള്ളു. നെറ്റിപ്പട്ടം ചാര്‍ത്തി പ്രതീക്ഷകളുടെ തിടമ്പുഭാരം ഉയര്‍ത്തി തലയെടുപ്പോടെ ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ്.

ഒന്നാം സീസണും രണ്ടാം സീസണും തമ്മിലുള്ള വൈരുദ്ധ്യമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പകര്‍ന്നുകിട്ടിയ വലിയപാഠം. വലിയ താരപ്പൊലിമകളൊന്നുമില്ലാതെ ആദ്യ സീസണില്‍ ഫൈനലിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സീസണില്‍ അവസാനസ്ഥാനത്തേയ്ക്ക് ദയനീയമായി പിന്തള്ളപ്പെട്ടു. ചെറിയ മുടക്കില്‍ വലിയനേട്ടങ്ങള്‍ എക്കാലത്തും നേടാന്‍ സാധിക്കില്ല എന്ന അനുഭവപാഠമാണ് മൂന്നാംസീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരുത്തേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ പുതിയൊരു കുതിപ്പിനാണ് ബ്ലാസ്‌റ്റേഴ്‌സ് തുടക്കമിടുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അര്‍ജുന്‍ എന്നീ സിനിമാ താരങ്ങള്‍ എത്തിയതോടെ ടീമിന് കരുത്തുറ്റ മാനേജ്‌മെന്റ്ായി.

പീറ്റര്‍ ടെയ്‌ലറും ടെറി ഫെലാനും പരാജയപ്പെട്ടിടത്താണ് സ്റ്റീവ് കോപ്പല്‍ എന്ന ഇംഗ്ലീഷ് പരിശീലകന്റെ വരവ്. 32 വര്‍ഷത്തെ പരിശീലകപരിചയവുമായി എത്തുന്ന കോപ്പല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച വിങ്ങര്‍മാരിലൊരാളായിരുന്നു. 322 മത്സരങ്ങളിലാണ് സറ്റീവ് കോപ്പല്‍ മാഞ്ചസ്റ്റര്‍ കുപ്പായമണിഞ്ഞത്. മാഞ്ചസ്റ്റര്‍ സിറ്റി, ക്രിസ്റ്റല്‍ പാലസ്, റീഡിംഗ്, പോര്‍ട്‌സ്മിത്ത്, ബ്രിസ്‌റ്റോള്‍ സിറ്റി എന്നീ ക്ലബുകളെ പരിശീലിപ്പിച്ചു. ഇംഗ്ലീഷ് ക്ലബ് റീഡിംഗിനെ പ്രീമിയര്‍ ലീഗിലേയ്ക്കുയര്‍ത്തിയത് കോപ്പലിന്റെ പരിശീലക മികവുകൊണ്ട് മാത്രമാണ്. കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ടീംഘടന. പ്രതിരോധത്തില്‍ തുടങ്ങി മധ്യനിരയിലും മുന്നേറ്റ നിരയിലും മാറ്റങ്ങള്‍ പ്രകടം. അയര്‍ലാന്‍ഡിന്റെ താരമായ ഹാം സ്റ്റാക് ആണ് പ്രധാന ഗോള്‍കീപ്പറും ഗോള്‍കീപ്പിംഗ് പരിശീലകനും. സന്ദീപ് നന്തിയും മുഹമ്മദ് മുനീറുസ്മാനും, കുനാല്‍ സാവന്തും ഗോള്‍ബാറിനുകീഴില്‍ ഗ്ലൗസണിയും. ഐഎസ്എലിലെ മികച്ച പ്രതിരോധ നിരയൊരുക്കിയാണ് കേരളത്തിന്റെ ഇത്തവണത്തെ വരവ്.

മാര്‍ക്വീതാരവും വടക്കന്‍ അയര്‍ലന്‍ഡ് താരവുമായ ആരോണ്‍ ഹ്യൂസിന്റെ സാന്നിദ്ധ്യമാണ് പ്രതിരോധ നിരയില്‍ ശ്രദ്ധേയം. വടക്കന്‍ അയര്‍ലന്‍ഡ് മുന്‍ക്യാപ്റ്റനായ ഹ്യൂസ് രാജ്യത്തിനായി 103 മത്സരങ്ങളും പ്രീമിയര്‍തലത്തില്‍ 455 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ന്യൂകാസില്‍ യുണൈറ്റഡ്, ആസ്റ്റണ്‍വില്ല, ഫുള്‍ഹാം, മെല്‍ബന്‍ സിറ്റി തുടങ്ങിയ ക്ലബുകള്‍ക്കായും ആരോണ്‍ ഹ്യൂസ് ബൂട്ടുകെട്ടി. മാര്‍ക്വീ താരത്തിനൊപ്പം സെനഗല്‍താരം എല്‍ഹാദി എന്‍ദോയ, ഫ്രഞ്ച് താരം സിഡ്രിക് ഹെങ്ങ്ബര്‍ട്ട് എന്നിവര്‍ പ്രതിരോധത്തിലെ വിദേശ കരുത്താവും. ഇന്ത്യയുടെ മികച്ച പ്രതിരോധതാരമായ സന്ദേശ് ജിംഗനൊപ്പം മലയാളി താരം റിനോ ആന്റോ, പ്രതിക് ചൗദരി, ഗുര്‍വീന്തര്‍ സിംഗ് എന്നിവര്‍കൂടിയെത്തുമ്പോള്‍ പിടിച്ചുലയ്ക്കാനാവാത്ത കാവല്‍ക്കോട്ടയായി പ്രതിരോധം മാറും. ഇന്ത്യന്‍ താരങ്ങളാല്‍ സംമ്പുഷ്ടമാണ് മധ്യനിര. 10 പേരുള്ളതില്‍ ഏഴുപേരും ഇന്ത്യക്കാര്‍.

ഐവറിക്കോസ്റ്റ് താരം ദിദിയര്‍ കാഡിയോ സ്പാനിഷ് താരം ഹോസു പ്രീറ്റോ, ഛാഡ് താരം അസ്‌റാക് മഹാമത്ത് എന്നിവരാണ് മധ്യനിരയിലെ വിദേശ സാന്നിദ്ധ്യം. ആദ്യ ഫൈനല്‍ മത്സരത്തില്‍ കേരളത്തിനെതിരേ ഗോളടിച്ച കൊല്‍ക്കത്ത താരം മുഹമ്മദ് റഫീഖ്, മലയാളിത്താരങ്ങളായ സി.കെ. വിനീത്, പ്രശാന്ത് മോഹന്‍, മുംബൈ സിറ്റി താരം ഇഷ്ഹാഖ് അഹമ്മദ്, യുവതാരം വിനീത് റായ്, മെഹ്താബ് ഹുസൈന്‍ എന്നീ ഇന്ത്യന്‍ താരങ്ങള്‍ മധ്യനിരയെ അരക്കിട്ടുറപ്പിക്കും. ഇത്തവണ കഴിഞ്ഞ സീസണിലെ പാളിച്ചകള്‍ തിരുത്തി ഓരോ ഫുട്‌ബോള്‍ പ്രേമിയിലും പ്രത്യേകിച്ച് മലയാളികളില്‍ പുതിയ ആവേശം നിറയ്ക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് വരുന്നത്.

Related posts