വാടക വീട്ടിലെത്തിച്ച് പീഡനശ്രമം: വിദ്യാര്‍ഥികളുടെ ഇടപെടലില്‍ പെണ്‍കുട്ടിയെ രക്ഷിച്ചു

ktm-peedanamപയ്യന്നൂര്‍: പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചു വാടക വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ നടത്തിയ ശ്രമം കോളജ് വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്നു തടഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കംപ്യൂട്ടര്‍ സ്ഥാപന ഉടമയെ പിടികൂടുകയും ചെയ്തു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ഇയാള്‍ മുമ്പ് ഡയറക്ടറായിരുന്ന മറ്റൊരു സ്ഥാപനത്തില്‍ പഠിക്കുന്ന നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് കെണിയില്‍ വീഴ്ത്തി എടാട്ട് സീക്ക് റോഡിനു സമീപത്തുള്ള വാടക വീടിലെത്തിച്ചത്.

ചികിത്സയില്‍ കഴിയുന്ന സഹോദരനു സാമ്പത്തിക സഹായം നല്‍കാന്‍ ഒരു ട്രസ്റ്റ് മുന്നോട്ടു വന്നിട്ടുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു പെണ്‍കുട്ടിയെ കാറില്‍ കയറ്റി ഇയാളുടെ സുഹൃത്തിന്റെ പേരിലുള്ള വാടക വീട്ടിലെത്തിച്ചത്. ഇവിടെ ഒരു സുഹൃത്തുണ്ടെന്നും കണ്ടിട്ടുപോകാമെന്നും പറഞ്ഞ് വീടിനകത്തേക്കു കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ഇയാളുടെ പെരുമാറ്റം അതിരുവിട്ടതോടെ പയ്യന്നൂര്‍ കോളജിലെ പരിചയമുള്ള വിദ്യാര്‍ഥികള്‍ക്ക് എസ്എംഎസ് സന്ദേശമയക്കുകയായിരുന്നു.

കോളേജില്‍ നിന്നെത്തിയ വിദ്യാര്‍ഥികളും പരിസരവാസികളും ചേര്‍ന്നു വീടുവളയുകയും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. പിന്നീട് നാട്ടുകാര്‍ ഇയാളെ കൈകാര്യം ചെയ്തു. പോലീസെത്തിയാണ് ഇയാളെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പരാതിക്കാരാരുമില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.

Related posts